പാലക്കാട് ആളുകൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; അപകടമൊഴിവായത് തലനാരിഴക്ക് -വിഡിയോ
text_fieldsപാലക്കാട് : ജനവാസ മേഖലയിലിറങ്ങിയ കാട്ടാന നാട്ടുകാർക്കു നേരെ പാഞ്ഞടുത്തു. തലനാരിഴക്കാണ് അപകടം ഒഴിവായത്. പാലക്കാട് കഞ്ചിക്കോട് എ.വി.പി - വല്ലടി റോഡിൽ സൂര്യപ്പൊറ്റ ഭാഗത്താണ് ഇന്ന് അതിരാവിലെ ആറു മണിയോടെ അപ്രതീക്ഷിതമായി കാട്ടാനയെ കണ്ടത്.
വാളയാർ കഞ്ചിക്കോട് മലമ്പുഴ ഭാഗത്ത് ഭീതി വിതച്ചു വിലസുന്ന ചുരുളി കൊമ്പനാണ് സൂര്യപ്പൊറ്റയിലെത്തിയത്. നാലോളം പേരെ കൊലപ്പെടുത്തിയ ഈ കാട്ടാന നാട്ടുകാരുടെ പേടിസ്വപ്നമാണ്. വെള്ളിയാഴ്ച അർധരാത്രിയോടെ കാടിറങ്ങിയ കൊമ്പൻ സൂര്യപ്പൊറ്റയിലെ മുത്തുവമ്മയുടെ മാന്തോപ്പിൽ നിന്നാണ് അതിരാവിലെ കാടു കയറാനായി റോഡിലേക്ക് ഇറങ്ങിയത്.
രാവിലെ മദ്രസയിലേയ്ക്ക് പോകുന്ന കുട്ടികളും കമ്പനി തൊഴിലാളികളും യാത്ര ചെയ്യുന്ന പ്രധാന റോഡാണ് സൂര്യപ്പൊറ്റ - വല്ലടി റോഡ്. അപ്രതീക്ഷിതമായി റോഡിൽ കാട്ടാനയെ കണ്ട നാട്ടുകാർ ഭയന്നോടി. തുടർന്ന് കൂവി വിളിച്ചും മറ്റും ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിച്ച നാട്ടുകാർക്കു നേരെ ആന ചിന്നം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. സൂര്യപ്പൊറ്റയിലെ ബാലകൃഷ്ണന്റെ വീടിനു മുൻപിലെത്തിയ ആന ഗേറ്റ് തകർത്ത് വീട്ടിനകത്തേയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറി.
വാളയാർ, നടുപ്പതി, കഞ്ചിക്കോട്, മലമ്പുഴ, കൊട്ടേക്കാട് മേഖലയിൽ നിരവധിയാളുകൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും അടുത്തുണ്ടായ ദാരുണ സംഭവമാണ് ഒരു മാധ്യമപ്രവർത്തകന്റെ മരണം. വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയില്ലെന്ന നാട്ടുകാർക്ക് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.