കാട്ടാന ആക്രമണം: പ്രതിഷേധ ചൂടിൽ കുട്ടമ്പുഴ
text_fieldsകോതമംഗലം: കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച കോതമംഗലവും കുട്ടമ്പുഴയും സാക്ഷ്യം വഹിച്ചത് വൻ പ്രതിഷേധത്തിന്. കുട്ടമ്പുഴയിൽ ഹർത്താൽ പൂർണവും കോതമംഗലത്ത് ഭാഗികവുമായിരുന്നു. വൈകീട്ട് നടന്ന ഡി.എഫ്.ഒ ഓഫിസ് മാർച്ചിൽ ജനരോഷമിരമ്പി. മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. എല്ലായിടത്തും പൊലീസ് വൻ സന്നാഹം ഒരുക്കിയിരുന്നു.
കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച എൽദോസിന്റെ മൃതദേഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധത്തെ തുടർന്ന് സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത് ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ്. മൃതദേഹം നീക്കം ചെയ്യാൻ സഹായിക്കണമെന്ന് കലക്ടർ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി അഭ്യർഥിക്കുകയും വാഗ്ദാനങ്ങൾ പാലിക്കപ്പെടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് പ്രതിഷേധക്കാർ അയഞ്ഞത്. രാത്രി ആറ് മണിക്കൂറോളം നീണ്ട സംഘർഷാവസ്ഥക്കൊടുവിൽ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
പിണവൂർകുടി വെളിയത്ത് പറമ്പിൽ നിന്ന് ട്രഞ്ച് നിർമാണം ചൊവ്വാഴ്ച രാവിലെ തന്നെ ആരംഭിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് സർവകക്ഷി നേതൃത്വത്തിലാണ് കോതമംഗലം ഡി.എഫ്.ഒ ഓഫിസിന് മുന്നിലേക്ക് മാർച്ച് നടത്തിയത്. ചെറിയപള്ളി താഴത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ സമാപിച്ചു.
സ്ത്രീകളും വയോധികരും വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ കർഷകരും തൊഴിലാളികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു. കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമരം ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ്, ആന്റണി ജോൺ എം.എൽ.എ, മാത്യു കുഴൽനാടൻ എം.എൽ.എ, മുൻ മന്ത്രി ടി.യു. കുരുവിള, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, എ.ജി. ജോർജ്, ഷെമീർ പനക്കൽ, കെ.എ. ജോയി, ഇ.കെ. ശിവൻ, ശാന്തമ്മ പയസ്, പി.ടി. ബെന്നി, സണ്ണി കടുത്താഴെ, റാണിക്കുട്ടി ജോർജ്, പി.കെ. മൊയ്തു, പി.എ.എം. ബഷീർ, മാർത്തോമ സുറിയാനി സഭ ഉരുളൻതണ്ണി പള്ളി വികാരി ഫാ. കെ.വൈ. നിതിൻ, ഫാ. മാനുവൽ പീച്ചാട്ട്, ഫാ. റോബിൻ പടിഞ്ഞാറേക്കൂറ്റ്, ഫാ. റോയി കണ്ണാച്ചിറ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ടി.എം. ഇല്യാസ്, വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം റെജി വാരിക്കാട്ട്, മണ്ഡലം പ്രസിഡന്റ് സി.എ. യഹിയ, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. സലിം തുടങ്ങിയവരും പങ്കെടുത്തു.
എൽദോസ് അനാസ്ഥയുടെ ഇര -കോതമംഗലം ബിഷപ്
കോതമംഗലം: എൽദോസിന്റെ മരണം യാദൃച്ഛികമല്ലെന്നും പലരുടെയും അനാസ്ഥ മൂലം സംഭവിച്ചതാണെന്നും കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലത്ത് നടന്ന പ്രതിഷേധ ജാഥയുടെ സമാപന സമ്മേളനം ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനപാലകരാണ് ഇവിടെയുള്ളത്. എന്നാൽ, ജനപാലകരില്ല. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടാൽ ഇതായിരിക്കില്ല പ്രതികരണം. കാടിന്റെ വിസ്തൃതി വർധിപ്പിക്കാനാണ് നീക്കം. ജനങ്ങളുടെ ജീവിതം പ്രശ്നമല്ല. വനപാലകർ നാട്ടിൽ വന്ന് ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്. നേരത്തെ വന്യമൃഗങ്ങളെ മാത്രം ഭയന്നാൽ മതിയായിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഭയപ്പെടേണ്ട സ്ഥിതിയാണ്. ഇത് അധികനാൾ മുന്നോട്ട് പോകില്ല. പ്രത്യാശയുടെയും സമാധാനത്തിന്റെയും സമയത്ത് സർക്കാർ കണ്ണുതുറന്നാൽ പ്രത്യാശയും സമാധാനവും കൈവരുമെന്നും ബിഷപ്പ് പറഞ്ഞു.
കെ.എസ്.ആർ.ടി.സി ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ഇഞ്ചത്തൊട്ടി യാക്കോബായ പള്ളി വികാരി ഫാ. സിബി ഇടപ്പളൻ ഉദ്ഘാടനം ചെയ്തു. മാർച്ചിന് മുന്നോടിയായി എ.കെ.സി.സി രൂപത ഡയറക്ടർ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ഫാ. റോയി കണ്ണഞ്ചിറ എന്നിവർ സംസാരിച്ചു. പ്രതിഷേധ സമ്മേളനത്തിൽ ഏലിയാസ് മാർ ജൂലിയസ്, എം.എൽ.എമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, ജനകീയ സമരസമിതി ജനറൽ കൺവീനർ ഫാ. അരുൺ വലിയ താഴത്ത്, ഉരുളൻ തണ്ണി മാർതോമ പള്ളി വികാരി ഫാ. ബിബിൻ, പി.എ. സോമൻ, സി.എ. യഹിയ എന്നിവർ സംസാരിച്ചു. എ.കെ.സി.സി രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെ സ്വാഗതവും ഇൻഫാം ഡയറക്ടർ ഫാ. റോബിൻ പടിഞ്ഞാറെകുറ്റ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.