ജനവാസ മേഖലക്കടുത്ത് തളച്ച നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു
text_fieldsകല്ലടിക്കോട്: രാത്രി ജനവാസ മേഖലക്കടുത്ത് തളച്ച നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. അരിക്കോട് മഹാദേവൻ എന്ന ആനക്കാണ് മൂന്നംഗ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ആനയുടെ മസ്തകത്തിന് താഴെയും മുൻകാലിനുമാണ് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് സംഭവം.
കാട്ടാനക്കൂട്ടം ആക്രമിക്കുന്നത് കണ്ട പാപ്പാന്മാർ വനപാലകരെ വിവരമറിയിച്ചു. വനം ദ്രുത പ്രതികരണ സേനയും നാട്ടുകാരും ചേർന്നാണ് കാട്ടാനകളെ തുരത്തിയത്. വെറ്ററിനറി ഡോക്ടറെ സ്ഥലത്ത് എത്തിച്ച് നാട്ടാനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉച്ചയോടെ പെരിന്തൽമണ്ണ ഭാഗത്തേക്ക് കൊണ്ടുപോയി.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽനിന്ന് അര കിലോമീറ്റർ പരിധിയിലാണ് സംഭവം. കരിമ്പ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശമായ മൂന്നേക്കർ മീൻവല്ലം, ചെമ്പൻതിട്ട കനാൽ തീരം വഴി തമ്പുരാൻചോല റോഡിനരികിലെ പുതുക്കാട്ടെ അംഗൻവാടിക്കടുത്ത് കെ.പി.ഐ.പി സംസ്ഥാന ആഭ്യന്തര വകുപ്പിന് കൈമാറിയ സ്ഥലത്താണ് ആനയെ തളച്ചിരുന്നത്. പ്രാണവേദനമൂലം ചിന്നം വിളിച്ച ആനയുടെ അലർച്ച കേട്ടാണ് തൊട്ടടുത്ത് വിശ്രമിക്കുകയായിരുന്ന പാപ്പാന്മാർ കാട്ടാനക്കൂട്ടത്തെ കണ്ടത്.
മൂന്നു വർഷം മുമ്പ് ഇടക്കുർശ്ശി ശിരുവാണി ജങ്ഷനിൽ നാല് കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങിയിരുന്നു. നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് ആനകൾ വീണ്ടുമെത്തിയത്. ഒരു കുട്ടിയാന ഉൾപ്പെടെയുള്ള മൂന്നു കാട്ടാനകളാണ് ജനം തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഇറങ്ങിയത്. റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ചും മറ്റു കാർഷിക വൃത്തികൾ ചെയ്തും ഉപജീവനം നടത്തുന്നവരാണ് ഈ മേഖലയിൽ വസിക്കുന്നത്. കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിനെതിരെ ജനരോഷം ഉയർന്നിട്ടുണ്ട്.
മലമ്പുഴ ധോണി മേഖലയിൽനിന്നെത്തിയ പി.ടി ഏഴാമൻ എന്ന ധോണിയുടെ കൂട്ടത്തിലെ ആനകളാണ് മൂന്നേക്കർ വഴി പുതുക്കാട്ടെത്തിയതെന്ന് സൂചനയുണ്ട്. തമ്പുരാൻ ചോല -ഇടക്കുർശ്ശി ശിരുവാണി റോഡ് പരിസരങ്ങളിൽ ഭീതി വിതച്ച് കറങ്ങിയ കാട്ടാനക്കൂട്ടത്തെ ശനിയാഴ്ച വൈകീട്ട് അഞ്ചിന് കല്ലടിക്കോട് തേന മലതോട്ടം ഭാഗത്ത് കണ്ടതായി കർഷകർ പറഞ്ഞു.
ആഴ്ചകൾക്കു മുമ്പ് മൂന്നേക്കറിൽ യുവകർഷകൻ സഞ്ജു മാത്യുവിനെ കാട്ടാന ആക്രമിച്ചിരുന്നു. ഭീതി കാരണം മൂന്നേക്കറിലെ സ്വന്തം വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹവും കുടുംബവും മരുതംകാട്ടെ വാടക വീട്ടിലേക്ക് താമസം മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.