ആനത്താവളത്തില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തി
text_fieldsഗുരുവായൂർ: ആനത്താവളത്തില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തി. ബഹളത്തിൽ പരിഭ്രാന്തരായ മൂന്ന് ആനകള്‍ ഒാടി. ഇതിൽ രണ്ടാനകൾ ആനത്താവളത്തിെൻറ ഗേറ്റ് കടന്ന് പുറത്തെത്തി. ഞായറാഴ്ച രാവിലെ എട്ടോടെയാണ് ഗുരുവായൂർ പരിസരത്തെ വിറപ്പിച്ചസംഭവം.
കൊമ്പൻ ജൂനിയർ വിഷ്ണു ആണ് കെട്ടുംതറിയിൽ നിന്നും അഴിക്കാനെത്തിയ ഒന്നാം പാപ്പാന്‍ തിരുവെങ്കിടം സ്വദേശി വി. ഉണ്ണിയെ (42) തുമ്പിക്കൈകൊണ്ട് കോരിയെടുത്ത് നിലത്തിട്ട് കുത്തിയത്. വലത്തേതുടയിലാണ് കുത്തേറ്റത്. വീണ്ടും കുത്തുന്നത് തടയാന്‍ മറ്റ് പാപ്പാന്മാര്‍ ആനയുടെ ശ്രദ്ധ തിരിക്കാന്‍ ഉണ്ടാക്കിയ ബഹളം കേട്ടാണ് മൂന്ന് ആനകൾ ഇടഞ്ഞത്. ആനത്താവളത്തിലെ ഒരു ഭാഗത്ത് കൂട്ടിയിടുന്ന പനമ്പട്ടയിൽ നിന്നും പട്ടയെടുത്ത് വരികയായിരുന്ന പീതാംബരൻ, ലക്ഷ്മീകൃഷ്ണ, ഗോപീകണ്ണൻ എന്നീ ആനകളാണ് ഇടഞ്ഞത്. ഗോപീകണ്ണനെ ആനത്താവളത്തിനുള്ളിൽ വെച്ച് തന്നെ നിയന്ത്രിച്ചു. പീതാംബരനും ലക്ഷ്മീകൃഷ്ണയും പടിഞ്ഞാറെ ഗേറ്റ് വഴി പുറത്തേക്കോടി. പീതാംബരനെ ഹരിദാസ് നഗറില്‍ നിന്നും ലക്ഷ്മീകൃഷ്ണയെ കാവീട് പള്ളിയുടെ പുതിയ കപ്പേളക്കടുത്തുനിന്നുമാണ് തളച്ചത്.
വാഹനത്തിെൻറ ശബ്ദം കേട്ടാൽ ഭയന്നോടുന്നതിനാൽ ‘ബുള്ളറ്റ് റാണി’എന്ന പേരുള്ള ആനയാണ് ലക്ഷ്മീകൃഷ്ണ. ഒരു കിലോമീറ്ററിലധികം ദൂരം ആനകൾ ഓടിയെങ്കിലും നാശനഷ്ടമൊന്നും ഉണ്ടാക്കിയില്ല. ആനകളെ പിന്നീട് ആനത്താവളത്തിലേക്ക് കൊണ്ടുവന്നു. പരിക്കേറ്റ പാപ്പാനെ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിെൻറ എല്ലിന് പൊട്ടലുള്ള ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ആംബുലൻസ് ഇല്ല; ആശ മാത്രം
ഗുരുവായൂർ: ആനത്താവളത്തിെൻറ പരിസരത്ത് സ്ഥിരമായി ദേവസ്വത്തിെൻറ ആംബുലൻസ് സംവിധാനം ഒരുക്കി നിർത്തണെമന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ തീരുമാനം ഏട്ടിലെ പശുവായി. ഡിസംബർ 10ന് ക്ഷേത്രത്തിനുള്ളിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നപ്പോൾ അടിയന്തരപ്രാധാന്യത്തോടെ എടുത്ത ഇൗ തീരുമാനം ഇതുവരെ നടപ്പാക്കാത്തത്കൊണ്ട് ഞായറാഴ്ച ആനയുടെ കുത്തേറ്റ ഉണ്ണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിന് വേണ്ടി പരക്കം പായേണ്ടിവന്നു. അര മണിക്കൂറോളം അവിടെ കിടത്തിയിട്ടും ദേവസ്വം ആംബുലൻസ് എത്തിയില്ല. ഒടുവിൽ ആക്ട്സിെൻറ ആംബുലൻസ് സംഘടിപ്പിച്ചാണ് ഉണ്ണിയെ ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.