കാട്ടാന ബേലൂര്‍ മഖ്‌ന ഇരുമ്പുപാലം കോളനിക്കടുത്ത്, ജാഗ്രതാ നിർദേശം; ദൗത്യം ഏഴാം ദിവസത്തിലേക്ക്
text_fieldsമാനന്തവാടി: കൊലയാളി മോഴയാന ബേലൂര്‍ മഖ്‌ന ഇരുമ്പുപാലം കോളനിക്കടുത്തെത്തി. ഇന്നലെ രാത്രിയിൽ കാട്ടിക്കുളം -തിരുനെല്ലി റോഡ് കാട്ടാന മുറിച്ചുകടന്നിരുന്നു. ഇതോടെ വയനാട് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അതേസമയം, ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം ഏഴാം ദിവസത്തിലേക്ക് കടന്നു. മയക്കുവെടി വിദഗ്ധന്‍ വനം വെറ്ററിനറി സീനിയര്‍ സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 200 അംഗ കേരള ദൗത്യസംഘവും 25 അംഗ കർണാടക വനപാലക സംഘവുമുള്‍പ്പെടെ 225 പേരാണ് കൊലയാളി ആനക്കായി തിരച്ചില്‍ നടത്തുന്നത്.
ഇടതൂര്‍ന്ന ചെങ്കുത്തായ വനമേഖലയും ഉയരത്തിലുള്ള കൊങ്ങിണി അടിക്കാടുകളും ദൗത്യസംഘത്തിന് തുടര്‍ച്ചയായി വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണ്. കുങ്കിയാനകളുടെയും ഡ്രോണ്‍ കാമറകളുടെയും സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. രാത്രികാല നിരീക്ഷണം ശക്തമാക്കാനും ദൗത്യസംഘം തീരുമാനിച്ചിരുന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ആറു മുതല്‍ 11 വരെ വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെ എമ്മടി വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന, ഉച്ചയോടെ ആദണ്ഡ പാണ്ടുരംഗ വഴി വനത്തിനുള്ളിലേക്ക് എത്തി. തുടർന്ന് ഉച്ചക്ക് ശേഷം മാനിവയല്‍ അമ്മക്കാവ് പ്രദേശത്ത് സിഗ്നലുകള്‍ ലഭിച്ചെങ്കിലും ആന കാണാമറയത്തു തന്നെ തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.