ആന ചെരിഞ്ഞത് ജില്ലയുടെ കുറ്റമാണോ?; മേനക ഗാന്ധിക്ക് ദുഷ്ടലാക്ക് -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: പാലക്കാട് ജില്ലയിൽ ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കാരെ ബി.ജെ.പി എം.പി മേനക ഗാന്ധി അടച്ചാക്ഷേപിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. കേന്ദ്രമന്ത്രി അടക്കമുള്ളവർ മേനക ഗാന്ധിയെ ന്യായീകരിക്കുന്നു. തെറ്റായ പ്രസ്താവന നടത്തിയ വനിതാ നേതാവിനെ സംസ്ഥാന ബി.ജെ.പി നേതാക്കൾ തിരുത്തുകയാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
ഒരോ പ്രദേശങ്ങളിലും പല കാരണങ്ങൾ കൊണ്ട് പല സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അത് ജില്ലയുടെ കുറ്റമാണോ. ഒരു സ്ഥലത്തുണ്ടായ സംഭവത്തിന്‍റെ പേരിൽ ഒരു ജില്ലക്കാരെ മൊത്തം അടച്ചാക്ഷേപിക്കുന്ന മേനക ഗാന്ധിയുടെ നയത്തിന് പിന്നിൽ ദുഷ്ടലാക്കാണ്.
രാജ്യത്തെ മുസ് ലിം വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നില്ലെങ്കിൽ തങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ യാതൊരു സഹായവും ചെയ്യില്ലെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ സുൽത്താൻപൂർ മണ്ഡലത്തിൽ മൽസരിച്ച മനേക ഗാന്ധി പറഞ്ഞിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള മനേക ഗാന്ധിയുടെ നിലപാട് വിവാദമായതാണെന്നും മുരളീധരൻ വ്യക്തമാക്കി.
ഒരു സംഭവം നടക്കുമ്പോൾ അത് നടന്ന ജില്ല ഏതാണെന്നും ഏത് സ്ഥലത്താണെന്നും പഠിച്ച് പറയുന്നത് നന്നാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട് ജില്ലയിൽ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനെതിരെ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ മേനക ഗാന്ധി നടത്തിയ വിദ്വേഷ പരാമർശം വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണെന്നായിരുന്നു ട്വീറ്റിലും പിന്നീട് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും മേനക പറഞ്ഞത്.
ഇത് ഏറ്റുപിടിച്ച് സംഘ്പരിവാർ നേതൃത്വത്തിൽ മലപ്പുറത്തിനെതിരെ വ്യാപക പ്രചാരണം നടത്തിയിരുന്നു. മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമർശത്തിൽ മേനക ഗാന്ധിക്കെതിരെ ഐ.പി.സി സെക്ഷൻ 153ാം വകുപ്പ് പ്രകാരം മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. നിരവധി സംഘടനകളും വ്യക്തികളും മേനകക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.