വാളയാറിൽ ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു; കുട്ടിക്കൊമ്പന്റെ തുമ്പിക്കൈ അറ്റു
text_fieldsപാലക്കാട്: വാളയാറിൽ ട്രെയിനിടിച്ച് 20 വയസ്സുള്ള പിടിയാന ചെരിഞ്ഞു. ഒപ്പമുണ്ടായിരുന്ന കുട്ടിക്കൊമ്പന്റെ തുമ്പിക്കൈ അറ്റു. വാധ്യാർചള്ള വനത്തിലൂടെ കടന്നുപോകുന്ന ബി ലൈൻ ട്രാക്കിലാണ് അപകടം. വെള്ളിയാഴ്ച പുലർച്ച 3.05ന് കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്പ്രസാണ് പാളം മുറിച്ചുകടന്ന കാട്ടാനക്കൂട്ടത്തെ ഇടിച്ചത്.
ട്രെയിനിന് വേഗം കുറവായതിനാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. ഉടൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് വനംവകുപ്പിനെ വിവരമറിയിച്ചു. 20 മിനിറ്റിനുശേഷം എൻജിൻ തകരാറില്ലെന്ന് ഉറപ്പാക്കി ട്രെയിൻ കടന്നുപോയി. ചെരിഞ്ഞ ആനയ്ക്കുചുറ്റും ആനക്കൂട്ടം നിലയുറപ്പിച്ചതോടെ മണിക്കൂറുകളോളം വാധ്യാർചള്ള മേഖല ഭീതിയിലായി. കഞ്ചിക്കോട്, വാളയാർ മേഖലയിൽ സ്ഥിരമായി ഇറങ്ങാറുള്ള 17 അംഗ കാട്ടാനക്കൂട്ടത്തെ മുന്നിൽ നയിക്കുന്ന പിടിയാനയാണ് ചെരിഞ്ഞതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഈസ്റ്റേൺ സർക്കിൾ സി.സി.എഫ്. കെ. വിജയാനന്ദ്, റെയിൽവേ എ.ഡി.ആർ.എം. സി.ടി. സക്കീർ ഹുസൈൻ, പാലക്കാട് ഡി.എഫ്.ഒ കുറാ ശ്രീനിവാസ്വ തുടങ്ങിയവർ സ്ഥലത്തെത്തി. തുമ്പിക്കൈക്ക് ഗുരുതര പരിക്കേറ്റ കുട്ടിയാനയ്ക്കായി തിരച്ചിൽ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.