ഭക്ഷണമെന്ന് കരുതി കടിച്ചത് സ്ഫോടക വസ്തുവിൽ; ചരിഞ്ഞ കാട്ടാന ഗര്‍ഭിണി
text_fieldsപാലക്കാട്: കൈതച്ചക്കയിലൊളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കാട്ടാന ഗര്‍ഭിണി. സൈലൻറ് വാലി ദേശീയോദ്യാനത്തിലെ ആനയാണ് ഭക്ഷണമെന്നു കരുതി കടിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെരിഞ്ഞത്.
ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും സ്ഫോടനത്തില്‍ തകര്‍ന്നിരുന്നു. ഭക്ഷണം കഴിക്കാനാകാതെ ഏറെ ദിവസം കിടന്ന ശേഷം മേയ് 27നാണ് ഉള്ളിൽ കുരുന്നു ജീവൻ പേറുന്ന ആന മരണത്തിന് കീഴടങ്ങിയത്. പതിനഞ്ച് വയസായിരുന്നു ആനയുടെ പ്രായം.
മേയ് 25ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ കണ്ടെത്തുമ്പോൾ വേദന സഹിക്കാനാവാതെ വനമേഖലയിലെ പുഴയില്‍ മുഖം പൂഴ്ത്തി നില്‍ക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലൂടെയാണ് കാട്ടാന ഗര്‍ഭിണി ആയിരുന്നുവെന്ന് മനസിലായത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തിൽ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിലമ്പൂര്‍ സെക്ഷന്‍ വനപാലകന്‍ മോഹന്‍ കൃഷ്ണെൻറ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്.
‘‘തെൻറ അകകാമ്പിലെവിടെയോ അനുഭവപ്പെട്ട തലമുറ മാറ്റത്തിെൻറ ചെറിയ അനക്കങ്ങളും ശാരീരികപൂർണ്ണതയിലെ മാറ്റങ്ങളും അവൾക്ക് ആരോഗ്യവതിയായിരിക്കേണ്ടതിെൻറ സൂചനകൾ നൽകിയിരിക്കണം. അതാണ് അവൾ ഭക്ഷണം തേടി കാടായി കിടക്കുന്ന നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാർഥനായ മനുഷ്യൻ എന്തിനും തയാറായി നിൽക്കുന്നത് അവൾ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ തന്നെ ഇരട്ട ജീവനുമായി നടക്കുന്ന തന്നെ ഒഴിവാക്കും എന്ന് അവൾ കരുതി കാണും.
അവൾ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിെൻറ രൂപത്തിൽ പൊട്ടിത്തെറിച്ചപ്പോൾ അവൾ ഞെട്ടിയത് തന്നേ കുറിച്ചോർത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങൾക്കു ശേഷമുണ്ടാകാൻ പോകുന്ന പുതു പിറവിയെ കുറിച്ചോർത്തായിരിക്കും.’’ -മോഹനകൃഷ്ണൻ തെൻറ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.