ഭക്ഷണത്തിന് നാട്ടിലിറങ്ങില്ല കാട്ടിലൊരുക്കും, കാട്ടാനക്ക് ഭക്ഷണം
text_fieldsതൊടുപുഴ: നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാട്ടിൽത്തന്നെ പിടിച്ചുനിർത്താൻ പദ്ധതിയുമായി വനം വകുപ്പ്. ആനകൾ ഉൾപ്പെടെ വന്യജീവികൾക്ക് ഇഷ്ടപ്പെട്ട ഫലവൃക്ഷങ്ങൾ കാട്ടിൽ വെച്ചുപിടിപ്പിക്കാനും ഭക്ഷണാവശ്യത്തിനായി ആനകൾ നാട്ടിലിറങ്ങുന്നത് ഇതുവഴി തടയാനുമാണ് ആലോചന. വന്യജീവികൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
വന്യമൃഗങ്ങൾക്ക് ഭക്ഷ്യയോഗ്യമായ ഫലങ്ങൾ ലഭിക്കുന്ന പ്ലാവ്, മാവ് തുടങ്ങിയ തദ്ദേശീയ വൃക്ഷങ്ങൾ കാടുകളിൽ നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ശോഷിച്ച വനപ്രദേശങ്ങളാകും ഇതിന് തെരഞ്ഞെടുക്കുക. ഇത് ഉൾപ്പെടെ വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ 620 കോടിയുടെ പദ്ധതി സർക്കാറിന്‍റെ പരിഗണനയിലാണ്. ജനവാസ കേന്ദ്രങ്ങൾക്കും മനുഷ്യർക്കും വന്യജീവികളുടെ ആക്രമണത്തിൽനിന്ന് സംരക്ഷണം ഒരുക്കാൻ അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ മുന്നിൽക്കണ്ടാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
620 കോടിയുടെ പദ്ധതിയിൽ കാട്ടിനുള്ളിൽ ജലസ്രോതസ്സും പുൽമേടുകളും ഉൾപ്പെടെ വന്യജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങൾക്കാണ് ഊന്നൽ. കാട്ടിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാണ്. ഈ സാഹചര്യത്തിൽ വനത്തിനുള്ളിലെ ജലസ്രോതസ്സുകളുടെ പരിപാലനം, ചെക്ക് ഡാമുകളുടെ നിർമാണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ വിദേശ ഇനം വൃക്ഷങ്ങൾ ഒഴിവാക്കി തദ്ദേശീയ ഇനങ്ങൾ നട്ടുപിടിപ്പിച്ച് വനങ്ങളുടെ സ്വാഭാവികത വീണ്ടെടുക്കുന്ന പദ്ധതികളും വനം വകുപ്പിന്‍റെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.