ട്രെയിനിടിച്ച് കാട്ടുകൊമ്പൻ ഗുരുതരാവസ്ഥയിൽ
text_fieldsകോയമ്പത്തൂർ: കേരള-തമിഴ്നാട് അതിർത്തിയായ മധുക്കര നവക്കരക്ക് സമീപം ട്രെയിനിടിച്ച് ഗുരുതരപരിക്കേറ്റ കാട്ടുകൊമ്പന് ചികിത്സ തുടരുന്നു. തിങ്കളാഴ്ച പുലർച്ച ഒന്നരക്ക് കടന്നുപോയ തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ട്രെയിനാണ് ആനയെ ഇടിച്ചത്. 15 വയസ്സ് പ്രായം കണക്കാക്കുന്ന ആനയുടെ തലക്കും ഇടുപ്പിെൻറ ഭാഗത്തുമാണ് പരിക്ക്. ട്രെയിൻ എൻജിൻ ഡ്രൈവർ ഉടൻ വനം അധികൃതർക്ക് വിവരം നൽകിയിരുന്നു.
കോയമ്പത്തൂർ ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസർ വെങ്കടേഷിെൻറ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി ആനയെ പരിശോധിച്ചു. മൃഗഡോക്ടർമാരുടെ സംഘവും എത്തി. ആനയുടെ മുൻകാലുകൾ അനങ്ങുന്നുണ്ട്. പിൻകാലുകൾ ചലിപ്പിക്കാനാവുന്നില്ല. വാലിെൻറ ഭാഗത്തും മരവിച്ച നിലയാണ്. ഇടത് കൊമ്പ് പൊട്ടി. ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. താൽക്കാലിക കൂടാരം നിർമിച്ച് ചികിത്സ ലഭ്യമാക്കാനാണ് വനം അധികൃതരുടെ തീരുമാനം.
വനഭാഗത്തുനിന്ന് കാട്ടാനകൾ കോയമ്പത്തൂർ-പാലക്കാട് റെയിൽപാത കടന്ന് വാളയാർ പുഴയിലെത്തുന്നത് പതിവാണ്. മേഖലയിലെ കാട്ടാനകളുടെ വിഹാരം മൂലം ഇൗ റൂട്ടിൽ ട്രെയിനുകളുടെ വേഗതക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ, മിക്ക ട്രെയിനുകളും അതിവേഗതയിലാണ് ഇതിലൂടെ കടന്നുപോകുന്നതെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.