വനം സെൻസസിൽ ആനകളുടെ എണ്ണം കുറഞ്ഞു
text_fieldsമലപ്പുറം: 2023ൽ സംസ്ഥാനത്ത് വനംവകുപ്പ് നടത്തിയ സെൻസസ് പ്രകാരം ബ്ലോക്ക് കൗണ്ട് പരിശോധനയിൽ കണ്ടെത്തിയത് 1,920 കാട്ടാനകളെയും ഡങ്ങ് കൗണ്ട് പരിശോധനയിൽ കണ്ടെത്തിയത് 2,386 കാട്ടാനകളെയും. അഞ്ചുവർഷത്തിനുശേഷമാണ് ആന സെൻസസ് നടന്നത്. 2017ലെ കണക്കെടുപ്പിൽ ബ്ലോക്ക് കൗണ്ടിൽ 3,322 കാട്ടാനകളെയും ഡങ്ങ് കൗണ്ടിൽ 5,706 എണ്ണത്തെയുമാണ് കണ്ടെത്തിയിരുന്നത്. വനത്തിൽ ബ്ലോക്ക് കൗണ്ട്, ഡങ്ങ് കൗണ്ട് എന്നിങ്ങനെ തിരിച്ചാണ് ഡിജിറ്റൽ മാപ്പുകളുടെ സഹായത്തോടെ ഏപ്രിൽ-മേയ് മാസങ്ങളിൽ കണക്കെടുപ്പ് നടന്നത്. കണക്കെടുപ്പ് പ്രകാരം 1,298 ആനകളെ വനംവകുപ്പിന് തരംതിരിക്കാനായി. ഇതിൽ 58 ശതമാനം പ്രായമായതും 21 ശതമാനം പ്രായപൂർത്തിയാകാനായതും 15 ശതമാനം ആനക്കുട്ടികളും ആറ് ശതമാനം തീരെ ചെറിയ കുട്ടികളുമാണ്. സംസ്ഥാനത്ത് 957 കിലോമീറ്ററാണ് ആകെ ആനയുടെ കരുതൽ അന്തർസംസ്ഥാന അതിർത്തി. വയനാട് 242 കി.മി, നിലമ്പൂർ 212 കി.മി, ആനമുടി 214 കി.മി, പെരിയാർ 289 കി.മിയുമാണ്. മുൻവർഷത്തെ അപേക്ഷിച്ച് അന്തർസംസ്ഥാന സഞ്ചാരം കൂടിയിട്ടുണ്ടെന്നും ഇത് ആകെ എണ്ണം കുറയാൻ കാരണമായതായും വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
വയനാട്ടിൽ നടന്ന കടുവകളുടെ കണക്കെടുപ്പിൽ 84 എണ്ണവും മൂന്നാർ വന്യജീവി ഡിവിഷന് കീഴിൽ നടന്ന വരയാടുകളുടെ കണക്കെടുപ്പിൽ 803 എണ്ണത്തെയും കണ്ടെത്തി. 2018ലെ കണക്കെടുപ്പിൽ വയനാട്ടിൽ 120 കടുവകളെയാണ് കണ്ടെത്തിയിരുന്നത്. നാല് വർഷത്തിനുശേഷം നടന്ന കണക്കെടുപ്പിൽ 36 കടുവകളുടെ കുറവ് രേഖപ്പെടുത്തി. ഇപ്പോൾ കണ്ടെത്തിയ 84ൽ 45 എണ്ണം 2016, 2017, 2018, 2022 വർഷങ്ങളിൽ കണ്ടെത്തിയവയാണ്. ഇതിൽ 39 എണ്ണം വനംവകുപ്പ് കാമറകളിൽ നേരത്തേ ലഭിക്കാതിരുന്നതാണ്. വയനാട് വനമേഖല കർണാടകയിലെ നാഗർഹോളെ, ബന്ദിപ്പൂർ, ബിലിഗിരി രംഗനാഥ ടൈഗർ റിസർവ്, തമിഴ്നാട്ടിലെ മുതുമലൈ, സത്യമംഗലം എന്നിവയിൽ ഉൾപ്പെട്ടതാണ്. ഇക്കാരണത്താൽ മുൻവർഷങ്ങളെ അപേഷിച്ച് കടുവങ്ങളുടെ സഞ്ചാരങ്ങളിൽ വ്യതിയാനം സംഭവിക്കാൻ സാധ്യതയുണ്ട്.
ഇത് എണ്ണം കുറയാനിടയാക്കുമെന്നും 2022ലെ കണക്ക് പ്രകാരം നാഗർഹോളയിലും ബന്ദിപ്പൂരിലും കടുവകളുടെ എണ്ണം കൂടിയതായും വനംവകുപ്പ് പറയുന്നു. ഒരുവർഷത്തിനുശേഷം മൂന്നാർ വന്യജീവി ഡിവിഷനിൽ നടന്ന വരയാടുകളുടെ കണക്കെടുപ്പിൽ 18 എണ്ണം കൂടിയാണ് 803 വരയാടുകളെ കണ്ടെത്തിയത്. 2022ൽ 785 വരയാടുകളെയാണ് കണ്ടെത്തിയിരുന്നത്. വനം-പരിസ്ഥിതി മന്ത്രാലയവും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടും അംഗീകരിച്ച രീതികൾ അവലംബിച്ചാണ് വനംവകുപ്പ് എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.