ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം -സുപ്രീം കോടതി
text_fieldsന്യൂഡല്‍ഹി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഓർമിപ്പിച്ച സുപ്രീം കോടതി, ജില്ലതല സമിതി രൂപവത്കരിച്ച് നാട്ടാനകളുടെ കണക്കെടുക്കണമെന്ന കേരള ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തു. ആന എഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമാണ് ഹൈകോടതി നടത്തുന്നതെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. ആനകളുടെ സർവേ നടത്തി ലൈസൻസില്ലാത്ത ആനകളെ എഴുന്നള്ളിക്കുന്നത് വിലക്കണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹൈകോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി നടപടി. അതേസമയം, നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം സുപ്രീം കോടതി തള്ളി. തുടർന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജികൾ ദേവസ്വങ്ങള്‍ പിന്‍വലിച്ചു.
വിശ്വ ഗജസേവാ സമിതിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വികാസ് സിങ് ഹൈകോടതി ഡിവിഷന് ബെഞ്ചിന്റെ നടപടികള്‍ പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല. രണ്ടു ജഡ്ജിമാരും നേരത്തെ മൃഗസ്നേഹികൾക്കുവേണ്ടി ഹാജരായ അഭിഭാഷകരായതിനാൽ കേസ് റദ്ദാക്കണമെന്നും കേരളത്തിലെ നാട്ടാനകളുടെ കണെക്കെടുപ്പിന് ഹൈകോടതി ഉത്തരവിട്ടത് ആന എഴുന്നള്ളിപ്പ് തടയാനാണെന്നും സിങ് വാദിച്ചു. അപ്പോഴാണ് സംസ്കാരത്തിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് തടയാനുള്ള നീക്കമാണ് ഹൈകോടതിയുടേതെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് തങ്ങളുടെ നിലപാട് ഹൈകോടതിയെ അറിയിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അല്ലെങ്കില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ നിലവിലുള്ള ഹരജിയില്‍ കക്ഷി ചേരാം. കേസ് കേരളത്തില്‍ നിന്ന് പുറത്തേക്ക് മാറ്റുകയാണ് ദേവസ്വങ്ങളുടെ ലക്ഷ്യമെന്നും എന്നാൽ, നിലവില്‍ ഈ വിഷയം കേള്‍ക്കാന്‍ തങ്ങള്‍ക്ക് താൽപര്യമില്ലെന്നും പറഞ്ഞാണ് ജസ്റ്റിസ് ബി.വി. നാഗരത്ന ദേവസ്വങ്ങളുടെ ആവശ്യം തള്ളിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.