ഓമനമൃഗങ്ങളുടെ പട്ടികയിൽനിന്ന് ആന പുറത്ത്; പിഴവ് തിരുത്തി പുതിയ ഉത്തരവ്
text_fieldsതൃശൂർ: വളർത്തുമൃഗങ്ങളുടെ പട്ടികയിൽനിന്ന് ആന പുറത്ത്. പിഴവ് സംസ്ഥാന സർക്കാർ തന്നെ തിരുത്തി. എങ്കിലും സ്വകാര്യ ഉടമസ്ഥതയിൽ രജിസ്റ്റർ ചെയ്ത ആനകൾക്ക് ആ പദവി ലഭിക്കും.ലോക്ഡൗൺ മൂലം വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് 'ആനകൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾ' എന്ന വിശേഷണം നൽകി ഉത്തരവിറക്കിയത്. ആനകൾക്ക് ഇങ്ങനെ ഭക്ഷണം നൽകുന്നതിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് അഞ്ച് കോടി അനുവദിച്ചിരുന്നു.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന ആനയെ വളർത്തുമൃഗം എന്ന് പരാമർശിക്കുന്നത് നിയമപരമായി തെറ്റാണെന്നും ആനകളെ സംബന്ധിച്ച് നിലവിലുള്ള പല കേസുകളെയും ബാധിക്കുമെന്നും ഭാവിയിലും ഇത് നിയമപരമായ സ്വാധീനങ്ങൾക്ക് ഇടയാക്കുമെന്നും കാണിച്ച് അനിമൽ വെൽഫെയർബോർഡ് അംഗം എം.എൻ. ജയചന്ദ്രൻ കത്ത് നൽകിയിരുന്നു. ഇത് പരിശോധിച്ചാണ് ഉത്തരവ് തിരുത്തിയത്.
ആനകളുൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്ക് എന്ന പരാമർശം നീക്കി സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്ക് എന്നാക്കിയാണ് ഭേദഗതി വരുത്തി പുതിയ ഉത്തരവിറക്കിയത്. ആനയെ വളർത്തുമൃഗങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സ് അടക്കമുള്ള മൃഗസ്നേഹി സംഘടനകളും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.