കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആനകൾ ഇടഞ്ഞു; തിക്കിലുംതിരക്കിലും മൂന്നുപേർക്ക് ദാരുണാന്ത്യം, 30 പേർക്ക് പരിക്ക്
text_fieldsമരിച്ച അമ്മു അമ്മ, രാജന്, ലീല
കൊയിലാണ്ടി(കോഴിക്കോട്): കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന രണ്ട് ആനകള്‍ വിരണ്ടു. തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
കുറുവങ്ങാട് വട്ടാങ്കണ്ടി താഴെ ലീല (68), താഴത്തേടത്ത് അമ്മു അമ്മ (78), വടക്കയില്‍ രാജന് (68) എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഉത്സവം നിര്‍ത്തിവെച്ചു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമടക്കം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഉത്സവ എഴുന്നള്ളിപ്പിനിടെ വൈകീട്ട് 5.45ഓടെയാണ് ഗുരുവായൂരില്നിന്നെത്തിച്ച പീതാംബരന്, ഗോകുല്‍ എന്നീ ആനകൾ ഇടഞ്ഞത്. കുറുവങ്ങാട് ശിവക്ഷേത്രത്തില്‍നിന്ന് മണക്കുളങ്ങര ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് ആനകളെ സജ്ജമാക്കുന്നതിനിടെയാണ് പീതാംബരന് എന്ന ആന ആദ്യം ഇടഞ്ഞത്.
ആനകളുടെ പുറത്ത് തിടമ്പേറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ആനപ്പുറത്തിരുന്ന കുറച്ചുപേര്‍ ചാടി രക്ഷപ്പെട്ടു. എന്നാല്‍, ഇറങ്ങാന്‍ കഴിയാത്ത രണ്ടുപേരെയുംകൊണ്ട് ആന കുറെ നേരം ഓടി. ക്ഷേത്രത്തിലേക്കുള്ള വരവിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് ആന വിരണ്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പീതാംബരന് എന്ന ആന ഗോകുലിനെ കുത്തിയതോടെ രണ്ടാനകളും ഓടുകയായിരുന്നു.
ക്ഷേത്രത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളിലേക്ക് ഓടിയ ആനകളെ ഏറെ നേരത്തെ സാഹസത്തിന് ശേഷമാണ് തളച്ചത്. ഇതിനിടെ ക്ഷേത്രം ഓഫിസ് തകര്‍ത്തു.
ക്ഷേത്രത്തില്‍ ദീപാരാധന സമയത്ത് സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തര്‍ എത്തിയിരുന്നു. അണേല, കാട്ടുവയല്‍ ഭാഗത്തുനിന്നുള്ള ആഘോഷവരവുകളും ഈ സമയത്താണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരുന്നത്. ക്ഷേത്രത്തിൽ നല്ല തിരക്കുള്ള സമയമായത് അപകടത്തിന്റെ തീവ്രതയേറ്റി. സംഭവമറിഞ്ഞയുടൻ നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
12 വർഷം മുമ്പ് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞിരുന്നുവെങ്കിലും ആളപായമില്ലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.