നാട്ടാനകൾ ഇനി വന്യജീവി തന്നെ
text_fieldsപത്തനംതിട്ട: സംസ്ഥാനത്തെ നാട്ടാനകൾ ഇനി വന്യജീവികളുടെ പട്ടികയിൽ. വന്യജീവി ആക്രമണത്തിൽപെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിലാണ് നാട്ടാനയെ വന്യജീവിയാക്കിയത്. നാട്ടാനക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനും തേർഡ്പാർട്ടി ഇൻഷുറൻസ് ഏർപ്പെടുത്താനുമുള്ള സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായ ഇപ്പോഴത്തെ ഉത്തരവ് പുതിയ തർക്കങ്ങൾക്ക് കാരണമാകും.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആനകൾ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾക്ക് സർക്കാർ ഖജനാവിൽനിന്ന് നഷ്ടപരിഹാരം നൽകുന്നതാണ് പുതിയ ഉത്തരവ്. വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം നൽകേണ്ട 1980ലെ നിയമത്തിെൻറ നിർവചനത്തിലാണ് നാട്ടാനയെയും ഉൾപ്പെടുത്തിയത്. ഇതേസമയം, നാട്ടാനകൾക്ക് തേർഡ്പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി 2009ലെ സർക്കുലറിൽ സർക്കാർ വ്യക്തമാക്കുന്നു.
നാട്ടാനകൾ വൻതോതിൽ നാശനഷ്ടം വരുത്തുന്നെന്ന പരാതിയെ തുടർന്നായിരുന്നു നാട്ടാന പരിപാലന നിയമം കർശനമാക്കാനും സർക്കാർ നിർദേശിച്ചത്. എന്നാൽ, മുൻ തീരുമാനങ്ങളെ അട്ടിമറിച്ചാണ് ഇപ്പോഴത്തെ ഉത്തരവ്. ആന ഉടമകളുടെ താൽപര്യത്തിന് വഴങ്ങിയാണ് വനംവകുപ്പിെൻറ നടപടിയെന്ന് പറയുന്നു. വന്യജീവി ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയിൽനിന്ന് 10 ലക്ഷമാക്കി ഉയർത്തി. വനത്തിന് പുറത്തുവെച്ച് പാമ്പുകടിയേറ്റ് മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഒരു ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷമാക്കി. അംഗവൈകല്യത്തിന് നൽകിയിരുന്ന 75,000 രൂപ രണ്ടു ലക്ഷമാക്കി. കന്നുകാലി, വീട്, കൃഷി എന്നിവക്ക് ഒാരോന്നിനും ലക്ഷം വീതമാണ് പുതുക്കിയ നഷ്ടപരിഹാരം. വ്യക്തികൾക്ക് പരിക്കേറ്റാൽ ചികിത്സക്ക് ഒരു ലക്ഷം രൂപവരെ ലഭിക്കും. പുതിയ ഉത്തരവനുസരിച്ച് നാട്ടാനയുടെ ആക്രമണത്തിനും ഇത് ബാധകമാണ്.
നാട്ടാനയെ വന്യജീവിയാക്കി ഉത്തരവിറങ്ങിയ സാഹചര്യത്തിൽ നാട്ടിലുള്ള നാട്ടാനകളെ പിടികൂടി കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കാനാകുമെന്നും വനംവകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.