ആലുവയിൽ എലിവേറ്റഡ് ഹൈവേ; പരിശോധനക്ക് കേന്ദ്ര മന്ത്രിയുടെ നിർദേശം
text_fieldsആലുവ: ദേശീയപാതയിൽ പുളിഞ്ചോട് മുതൽ മംഗലപുഴപ്പാലം വരെ ഭാഗത്ത് നിരന്തരം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എലിവേറ്റഡ് ഹൈവേ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പരിശോധനക്ക് കേന്ദ്ര മന്ത്രിയുടെ നിർദേശം.ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവരുടെ നിവേദനത്തെ തുടർന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ഈ ഭാഗത്തെ ഗതാഗതക്കുരുക്കുമൂലം പൊതുജനങ്ങളും പ്രത്യേകിച്ച് ആലുവക്കാരും നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള യാത്രക്കാരും വർഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്. ഈ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി മാർത്താണ്ഡ വർമ പാലത്തിന് സമാന്തരമായി പുതിയ പാലങ്ങൾ നിർമിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 25ന് മന്ത്രി നിതിൻ ഗഡ്കരിക്ക് അൻവർ സാദത്ത് എം.എൽ.എ കത്ത് നൽകിയിരുന്നു.
ഈ കാര്യം പരിഗണിക്കാമെന്ന് മന്ത്രിയുടെ മറുപടിയും ലഭിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ മറ്റു നടപടികളൊന്നും പിന്നീടുണ്ടായില്ല. ഈ സാഹചര്യത്തിൽ പുളിഞ്ചോട് മുതൽ മംഗലപുഴപ്പാലം വരെ എലിവേറ്റഡ് ഹൈവേയോ, അല്ലെങ്കിൽ മുമ്പ് ആവശ്യപ്പെട്ട മാർത്താണ്ഡ വർമ പാലത്തിന് സമാന്തരമായി പുതിയ പാലങ്ങളോ നിർമിക്കണമെന്നാവശ്യപ്പെട്ടാണ് എം.പിയും എം.എൽ.എയും കേന്ദ്ര ഗതാഗത മന്ത്രിയുടെ ഓഫിസിലെത്തി പുതിയ നിവേദനം നൽകിയത്.എലിവേറ്റഡ് ഹൈവേ മാത്രമാണ് പരിഹാരമാർഗമെന്ന തീരുമാനം ഉൾപ്പെടുത്തി മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ നൽകിയ നിവേദനവും കേന്ദ്ര മന്ത്രിക്ക് നൽകി. ഹൈബി ഈഡൻ എം.പിയും കൂടെയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.