മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാണിക്കുന്നത് ജനങ്ങളുടെ സ്നേഹം എന്ന നിലയിൽ -ശശി തരൂർ
text_fieldsകേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ ഉയർത്തിക്കാണിക്കുന്നത് തന്നെ പിന്തുണക്കുന്നവരുടെ സ്നേഹം ആയി കാണാനാണ് ആഗ്രഹമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ജനങ്ങളിലും പ്രവർത്തകരിലും ആവേശമുണർത്തുന്ന നേതാവിനെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തപ്പെടുമോ എന്നൊക്കെ ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ല. ഇതേക്കുറിച്ചൊക്കെ എന്നോട് പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ട്.
അതൊക്കെ അവരുടെ സ്നേഹം എന്ന നിലക്കേ ഞാൻ കാണുന്നുള്ളൂ. ഞാൻ അങ്ങനെ ഒരു ഉദ്ദേശ്യത്തിലല്ല ഇറങ്ങിയത്. അതേസമയം, എനിക്ക് പല കാര്യങ്ങളിലും വ്യക്തമായ അഭിപ്രായങ്ങളുണ്ട്. കേരളത്തെക്കുറിച്ച് എനിക്ക് സുവ്യക്തമായ ചിന്തകളുണ്ട്. ഇപ്പോഴത്തെ എന്റെ ഉത്തരവാദിത്തം പാർലമെന്റ് അംഗം എന്ന നിലയിലാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുപ്പായം തയ്ച്ചവരാണ് ശശി തരൂരിനെ ആക്രമിക്കുന്നതിന് പിന്നിൽ എന്ന കെ. മുരളീധരന്റെ അഭിപ്രായത്തെക്കുറിച്ച ചോദ്യത്തിന് അതൊന്നും തനിക്കറിയില്ല എന്നും ആരാണ് മുഖ്യമന്ത്രി കുപ്പായം തയ്ച്ചതെന്ന് മുരളീധരൻ തന്നെ വിശദീകരിക്കട്ടെയെന്നായിരുന്നു തരൂരിന്റെ മറുപടി.
അതേസമയം, മലബാർ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ഇന്ന് മലപ്പുറത്ത് മുസ്‍ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ എട്ട് മണിക്ക് പാണക്കാട് വെച്ചാണ് ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെയും കാണുക.
ഡി.സി.സി ഓഫീസിലെത്തി കോൺഗ്രസ് നേതാക്കളുമായും തരൂർ കൂടിക്കാഴ്ച നടത്തും. ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർഥികളുമായി തരൂർ സംവദിക്കും. പരസ്യപ്രതികരണം വിലക്കിയ കെ.പി.സി സി, തരൂർ വിവാദത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്. 23നാണ് കണ്ണൂരിലെ പരിപാടികൾ. എ.ഐ.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായാണ് തരൂരിന്‍റെ മലബാർ പര്യടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.