‘അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൃപാസനം പ്രാർഥനവഴി, എനിക്ക് ബി.ജെ.പിയോടുള്ള അറപ്പും വെറുപ്പും തീർന്നു’ -അമ്മ എലിസബത്ത് ആന്റണി
text_fieldsതിരുവനന്തപുരം: മകൻ അനിലിന്‍റെ ബി.ജെ.പി പ്രവേശനത്തോടെ ആ പാർട്ടിയോടുള്ള വെറുപ്പ് മാറിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണിയുടെ ഭാര്യ എലിസബത്ത്. കൃപാസന പ്രാർഥനയിലൂടെയാണ് മകന് ബി.ജെ.പിയിൽ അവസരം ലഭിച്ചത്. ധ്യാനകേന്ദ്രത്തിലെ വൈദികനാണ് ബി.ജെ.പിയിൽ ചേരാൻ അനുമതി നൽകിയത്.
എ.കെ. ആന്‍റണിക്ക് വീണ്ടും പ്രവർത്തക സമിതി അംഗത്വം കിട്ടിയതും ആരോഗ്യവും ആത്മവിശ്വാസവും വീണ്ടെടുത്തതും കൃപാസനത്തിലൂടെയാണ്. മകന്‍റെ ബി.ജെ.പി പ്രവേശനം എ.കെ. ആന്‍റണിക്ക് ഷോക്ക് ആയിരുന്നു. അതിന്‍റെ പേരിൽ വീട്ടിൽ പൊട്ടിത്തെറി ഭയന്നിരുന്നു. എന്നാൽ, എല്ലാവരും അനിലിനെ സൗമ്യമായി സ്വീകരിച്ചെന്നും എലിസബത്ത് പറയുന്നു. ആലപ്പുഴയിലെ കൃപാസന ധ്യാനകേന്ദ്രത്തിൽ പ്രാർഥനാ ചടങ്ങിന്‍റെ ഭാഗമായ അനുഭവസാക്ഷ്യത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ ഭാര്യ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
രാഷ്ട്രീയ പ്രവേശനം ആഗ്രഹിച്ച മകന് കോൺഗ്രസിൽ വഴിയടയുകയും എ.കെ. ആന്‍റണി ഇടപെടാതിരിക്കുകയും ചെയ്ത വിഷമഘട്ടത്തിൽ ബി.ജെ.പിയിൽ അവസരം ലഭിച്ചത് നേട്ടമായാണ് എലിസബത്ത് പറയുന്നത്. 18 മിനിറ്റ് നീളുന്ന അനുഭവസാക്ഷ്യത്തിന്‍റെ വിഡിയോയിലെ പ്രസക്ത ഭാഗങ്ങൾ: ‘‘ എ.കെ. ആന്‍റണി അവിശ്വാസിയാണ്. ഭർത്താവിന് കോവിഡിനുശേഷം ആത്മവിശ്വാസം പൂർണമായും നഷ്ടപ്പെട്ടു. കാലിന് രണ്ടും തളർച്ചവന്നത് പോലെയായി. അങ്ങനെയാണ് നാട്ടിലേക്ക് തിരികെ പോരുന്നത്.
അദ്ദേഹം വീട്ടിലിരിക്കുന്നത് എനിക്കും മക്കൾക്കും സഹിക്കാൻ പറ്റുന്നില്ലായിരുന്നു. അവിശ്വാസം പരിഹരിച്ച് കാലിന്‍റെ പ്രയാസം മാറ്റണമെന്ന് പ്രാർഥിച്ചു. പിന്നാലെ അത്ഭുതകരമാംവിധം വീണ്ടും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കാലിന്‍റെ പ്രയാസം മാറി. മൂത്തമകൻ അനിൽ രാഷ്ട്രീയത്തിൽ ചേരാൻ അതിയായി ആഗ്രഹിച്ചു. ഭർത്താവ് അതിനായി പരിശ്രമിക്കില്ല. അങ്ങനെയിരുന്നപ്പോൾ അമ്മയോട് നിയോഗം വെച്ചു. ശേഷം പ്രതീക്ഷിക്കാത്ത നിലയിലാണ് കാര്യങ്ങൾ മാറിയത്.
പെട്ടെന്ന് ബി.ബി.സി വിവാദം വന്നു. എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. കരഞ്ഞ് പ്രാർഥിച്ചു. അപ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് മകനെ ബി.ജെ.പിയിൽ ചേരാൻ വിളിച്ചത്. ഞങ്ങൾ കോൺഗ്രസിലാണ് ജീവിച്ചത്. ബി.ജെ.പിയിലേക്ക് പോകുന്നത് ആലോചിക്കാൻ പോലുമാകില്ല. ധ്യാനകേന്ദ്രത്തിൽ ജോസഫ് അച്ചന്‍റെ അടുത്ത് തുണ്ട് കൊടുത്തു. അമ്മയുടെ കാൽക്കൽ തുണ്ട് വെച്ച് പ്രാർഥിച്ചിട്ട് അച്ചൻ പറഞ്ഞു. തിരിച്ചുവരാൻ പ്രാർഥിക്കേണ്ട. അവന് അവിടെ നല്ലൊരു ഭാവി അമ്മ കാണിച്ചു തരുന്നുണ്ട്. ഉടനെതന്നെ മനസ്സ് അമ്മ മാറ്റിത്തന്നു. ബി.ജെ.പിയോടുള്ള എല്ലാ അറപ്പും വെറുപ്പും അമ്മ മാറ്റിത്തന്നു’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.