കൂട്ട ബലാത്സംഗം: നാടുവിട്ട മൂന്നു പ്രതികൾക്കായി പൊലീസ് യു.പിയിലേക്ക്
text_fields
കൊച്ചി: ഏലൂർ മഞ്ഞുമ്മലിൽ പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ അന്വേഷണം ഉത്തർപ്രദേശിലേക്ക്. പീഡനത്തിന് ശേഷം നാടുവിട്ട മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ പിടികൂടാനാണ് പൊലീസ് നീക്കം ഊർജിതമാക്കിയത്. ഇതിനായി യു.പി പൊലീസിന്‍റെ സഹായം കേരള പൊലീസ് തേടി.
കൂട്ട ബലാത്സംഗ കേസിൽ മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശ് രാംപൂർ സ്വദേശികളായ ഷാഹിദ് (24), ഫർഹാദ് ഖാൻ (29), ഹനീഫ് (28) എന്നിവരാണ് പിടിയിലായത്.
കൊച്ചി അസി. പൊലീസ് കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പീഡനം സ്ഥിരീകരിച്ചത്. ഏലൂർ പൊലീസാണ് കേസെടുത്തത്. മാർച്ച് മുതൽ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിനെ അറിയിച്ചു.
ഇടപ്പള്ളി ടോളിലും കുന്നുംപുറത്തും വെച്ച് പീഡനം നടന്നതായി പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ വീടിനു സമീപം വാടകക്ക് താമസിക്കുകയായിരുന്നു പ്രതികൾ. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്.
മൂന്നു പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ മനോജ്, എസ്.ഐ സുദർശന ബാബു, എ.എസ്.ഐമാരായ സലീം, സുനിൽ കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.