കുട്ടികളെ ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ വീട്ടമ്മയെ നാലു വർഷത്തിനുശേഷം കണ്ണൂരിൽ കണ്ടെത്തി
text_fieldsമഞ്ചേരി: കുട്ടികളെ ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ വീട്ടമ്മയെ കണ്ടെത്തി. കണ്ണൂരിൽനിന്നാണ് വേട്ടേക്കോട് പുല്ലഞ്ചേരി സ്വദേശിനിയെ നാല് വർഷത്തിന് ശേഷം കണ്ടെത്തിയത്. 2016 മാര്‍ച്ച് 30നാണ് ഇവരെ കാണാതായത്.
അന്നേദിവസം തന്നെ പാപ്പിനിപ്പാറ സ്വദേശി സുബീഷനെയും (40) കാണാതായിരുന്നു. നിരവധി കേസുകളിലെ പ്രതിയായിരുന്നു ഇയാൾ. പാണ്ടിക്കാട് സ്റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഗ കേസുണ്ട്. യുവതിയുടെ ഭർത്താവിെൻറ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഇരുവരും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പൊലീസിന് ഒരു വിവരവും ഇല്ലായിരുന്നു. എന്നാൽ, തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇവരെ കണ്ടെത്തിയത്.
കണ്ണൂരിൽ നിന്ന് യുവതിയുടെ വിലാസത്തിൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്ന് കണ്ടെത്തി. 2017ലാണ് ഇവർക്ക് കുഞ്ഞ് പിറന്നത്. സർട്ടിഫിക്കറ്റിൽനിന്ന് ഇവരുടെ മേൽവിലാസം കണ്ടെത്തിയ പൊലീസ് കണ്ണൂർ എ.കെ.ജി റോഡിലെ വാടക ക്വാർട്ടേഴ്സിലാണ് എത്തിയത്.
എന്നാൽ, ഇവർ അവിടെനിന്ന് താമസം മാറിയിരുന്നു. പിന്നീട് പ്രദേശത്തെ അംഗൻവാടി ടീച്ചർമാരുടെയും ആശാവർക്കർമാരുടെയും സഹായത്തോടെ ചിറക്കലിൽനിന്ന് കണ്ടെത്തുകയായിരുന്നു. യുവതിയെ കോടതിയിൽ ഹാജരാക്കി. സുബീഷനെ പാണ്ടിക്കാട് സ്റ്റേഷനിലെ ബലാത്സംഗ കേസിൽ റിമാൻഡ് ചെയ്തു.
ഈ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങിയത്. സി.ഐ സി. അലവി, എസ്.ഐ നസ്റുദ്ദീൻ നാനാക്കൽ, സിവിൽ പൊലീസ് ഓഫിസർമാരായ കെ. ഹരിലാൽ, എം.പി. ജയരാജ്, സിയാവുൽ ഹഖ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.