പയ്യാമ്പലത്ത് പുലിമുട്ട് സുരക്ഷ; ഒരു മാസത്തിനകം പൂർത്തിയാവും
text_fieldsകണ്ണൂര്‍: തീരദേശ സുരക്ഷക്കായി അമൃത് ഒന്നാംഘട്ട പദ്ധതികളുടെ ഭാഗമായി പയ്യാമ്പലത്ത് ഒരുക്കുന്ന പുലിമുട്ട് നിർമാണം പുതുവര്‍ഷാരംഭത്തില്‍ പൂര്‍ത്തിയാകും. പ്രവൃത്തിയുടെ 90 ശതമാനത്തിലധികം പൂര്‍ത്തിയായി. നിലവിലുള്ള തോടിന് സമാന്തരമായി 90 മീറ്ററും തുടര്‍ന്ന് കടലിലേക്ക് 160 മീറ്ററുമായി ആകെ 250 മീറ്റര്‍ നീളത്തില്‍ കരിങ്കല്ല് ഉപയോഗിച്ചാണ് നിർമാണം.
പയ്യാമ്പലം പ്രദേശത്ത് കടൽവെള്ളം കയറുന്നതിന് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെ ജനുവരിയിലാണ് പുലിമുട്ട് നിർമാണം തുടങ്ങിയത്. തീരപ്രദേശത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ കടല്‍വെള്ളം കയറുന്നത് ദുരിതത്തിനിടയാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് പുലിമുട്ട് നിർമിച്ചത്. കോർപറേഷനിലെ പഞ്ഞിക്കയില്‍, ചാലാട്, പള്ളിയാംമൂല എന്നീ ഡിവിഷനുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം സുഗമമായി കടലിലേക്കൊഴുകാതെയും വേലിയേറ്റ സമയത്ത് കടലില്‍ നിന്നും തിരിച്ചൊഴുകാതെയും കെട്ടിക്കിടക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നത്തിന് ശാശ്വതപരിഹാരമാകും. പടന്നത്തോടിന്റെ അഴിമുഖത്താണ് പുലിമുട്ട് നിർമിക്കുന്നത്. മഴക്കാലത്ത് തീരമേഖലയില്‍ വെള്ളം നിറയുകയും ഉപ്പുവെള്ളം കയറുകയും ചെയ്യുന്ന അവസ്ഥക്ക് പുലിമുട്ട് പൂര്‍ത്തിയാകുന്നതോടെ പരിഹാരമാകും.
അമൃത് ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് കോടിയോളം രൂപ ചെലവഴിച്ചാണ് പുലിമുട്ട് നിർമിക്കുന്നത്. ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. പദ്ധതിയുടെ പുരോഗതി മേയര്‍ ടി.ഒ. മോഹനന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥന്മാരും സന്ദര്‍ശിച്ച് വിലയിരുത്തി.
ഒരുമാസത്തിനുള്ളിൽ പണി പൂര്‍ത്തിയാക്കി പുലിമുട്ട് ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നും ഒരുപാട് ശ്രമങ്ങൾക്കൊടുവിലാണ് തീരദേശ പരിപാലന അതോറിറ്റിയില്‍ നിന്ന് നിർമാണ അനുമതി ലഭിച്ചതെന്നും മേയർ പറഞ്ഞു. നിരവധി തടസ്സങ്ങള്‍ പരിഹരിച്ചാണ് പദ്ധതി ലക്ഷ്യത്തിലെത്തിച്ചത്.
ഭാവിയില്‍ ഇതിന്റെ ടൂറിസം സാധ്യതകള്‍ കൂടി പരിശോധിച്ച് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ടൂറിസം വകുപ്പിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ എം.പി. രാജേഷ്, പി. ഷമീമ, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, കൗണ്‍സിലര്‍മാരായ പി.വി. ജയസൂര്യന്‍, കെ.പി. അനിത, കോര്പ്പറേഷന് സൂപ്രണ്ടിങ് എൻജിനീയര്‍ ടി. മണികണ്ഠകുമാര്‍, ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയര്‍ എ. മുഹമ്മദ് അഷ്റഫ്, തീരദേശ പരിപാലന അതോറിറ്റി മുന്‍ അംഗം ഡോ.കെ.വി. രാമചന്ദ്രന് തുടങ്ങിയവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.