കരിപ്പൂരിൽ എംബാർക്കേഷൻ പോയൻറ്: ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയിലേക്ക്
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ പോയൻറായി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനം. ഹജ്ജ് നയ പുനരവലോകനസമിതി ശിപാർശപ്രകാരം എംബാർക്കേഷൻ പോയൻറ് നെടുമ്പാശ്ശേരിയാണ്. കൂടാതെ, അഞ്ചാംവർഷ അപേക്ഷകരെ നേരിട്ട് തെരഞ്ഞെടുക്കുന്നതിന് പകരം എല്ലാ അപേക്ഷകരെയും ഒന്നായി പരിഗണിച്ച് നറുക്കെടുപ്പിലൂടെ മാത്രം തെരഞ്ഞെടുത്താൽ മതിയെന്നും ശിപാർശയുണ്ട്.
സമിതി ശിപാർശകൾ കേരളത്തിന് എതിരാണെന്നും ഇവ കേന്ദ്രം അംഗീകരിച്ചാൽ ഹജ്ജ് എംബാർക്കേഷൻ പോയൻറ്, അഞ്ചാംവർഷ അപേക്ഷകർ എന്നീ വിഷയങ്ങൾ പ്രധാനമായി ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അടുത്തവർഷത്തെ ഹജ്ജ് സർവിസ് നെടുമ്പാശ്ശേരിയിൽ നിന്നാകുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞത്. കരിപ്പൂർ ഇപ്പോൾ ചിന്തിക്കാനാകില്ലെന്നും 2019ൽ നോക്കാമെന്നുമാണ് പറയുന്നത്. നേരത്തേ, 2018ൽ ഹജ്ജ് സർവിസ് കരിപ്പൂരിൽനിന്ന് നടത്താമെന്നായിരുന്നു വാഗ്ദാനം. ഹജ്ജ് ഹൗസ്, ജീവനക്കാർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെയാണ്.
കഴിഞ്ഞ വർഷം സർവിസ് നടത്തിയ 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം ഉപയോഗിച്ച് കരിപ്പൂരിൽനിന്ന് കൊണ്ടുപോകാം. എന്നിട്ടും എന്തുകൊണ്ടാണ് കരിപ്പൂർ സ്ഥിരപ്പെടുത്താത്തെതന്ന് മനസ്സിലാകുന്നില്ല. അഞ്ചാംവർഷ അപേക്ഷകർക്ക് നേരിട്ട് അവസരം ലഭിക്കില്ലെന്ന തീരുമാനം നിരാശജനകമാണ്. 70 വയസ്സിന് മുകളിലുള്ളവർക്ക് സഹായി ഇല്ലാതെ പരിഗണിക്കാമെന്നാണ് മന്ത്രി അറിയിച്ചത്. ഇത് അപ്രായോഗികമാണ്.
സ്വകാര്യ ഗ്രൂപ്പുകൾക്ക് 25 ശതമാനമായിരുന്നത് 30 ശതമാനമാക്കുന്നത് ഒഴിവാക്കുക, കെട്ടിടങ്ങൾ തെരഞ്ഞെടുക്കുന്നതിൽ എല്ലാ സംസ്ഥാനങ്ങളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തുക, പാരാമെഡിക്കൽ സ്റ്റാഫിൽ അതത് ഭാഷ അറിയുന്നവരെ നിയമിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചതായി അേദ്ദഹം പറഞ്ഞു.
ഹജ്ജ് കമ്മിറ്റി യോഗത്തിൽ അംഗങ്ങളായ പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, എ.കെ. അബ്ദുറഹ്മാൻ, ഡോ. ഇ.കെ. അഹ്മദ് കുട്ടി, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, ശരീഫ് മണിയാട്ടുകുടി, അഹമ്മദ് മൂപ്പൻ, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.