കോഴിക്കോട് കോർപറേഷൻ കൗൺസിലിൽ പ്രതിഷേധം, സസ്പെൻഷൻ; പുറത്ത് കൂട്ടത്തല്ല്, മർദനം
text_fieldsകോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) തട്ടിപ്പ് സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധം കോഴിക്കോട് കോർപറേഷൻ കൗൺസിലിലും പുറത്തും നാടകീയ രംഗങ്ങളുണ്ടാക്കി. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, ഉപനേതാവ് കെ. മൊയ്തീൻ കോയ എന്നിവരടക്കം സഭയിലുണ്ടായിരുന്ന 15 യു.ഡി.എഫ് കൗൺസിലർമാരെ സഭ പിരിയുന്നതുവരെ മേയർ ഡോ. ബീന ഫിലിപ് സസ്പെൻഡ് ചെയ്തു. ലീഗിലെ കെ. മൊയ്തീൻ കോയയും ബി.ജെ.പിയിലെ ടി. റനീഷും കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് അധ്യക്ഷത വഹിച്ച മേയർ ഡോ. ബീന ഫിലിപ് ബാങ്ക് തട്ടിപ്പിനെപ്പറ്റി വിശദീകരണം നൽകിയശേഷവും യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിക്കുകയായിരുന്നു.
സസ്പെൻഡ് ചെയ്തിട്ടും സഭയിൽ തുടർന്ന് യു.ഡി.എഫ് ഉയർത്തിയ പ്രതിഷേധത്തിനിടെ 191 അജണ്ടകളും മിനിറ്റുകൾക്കകം പാസ്സാക്കി. കൗൺസിൽ അവസാനിച്ചതായി പ്രഖ്യാപിച്ച് മേയറും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദും ഇരിപ്പിടം വിട്ടിട്ടും യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു. വിവരമറിഞ്ഞ് വൻ പൊലീസ് സംഘവും കോർപറേഷൻ ഓഫിസിനകത്തെത്തി.
യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ഹാളിൽ യോഗശേഷവും പ്രതിഷേധിക്കുന്നതിനിടെ ഹാളിന് പുറത്ത് തടിച്ചുകൂടിയ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിലടിച്ചു. എട്ട് കൗൺസിലർമാർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. കേരള വിഷൻ റിപ്പോർട്ടർ കെ.എം.ആർ. റിയാസ്, കാമറമാൻ വസിം അഹമ്മദ്, മാതൃഭൂമി കാമറമാൻ ജിതിൻ എന്നിവർക്കാണ് മർദനമേറ്റത്.
അഞ്ച് എൽ.ഡി.എഫ് കൗൺസിലർമാർക്കും മൂന്ന് യു.ഡി.എഫ് കൗൺസിലർമാർക്കുമാണ് പരിക്കേറ്റത്. കോർപറേഷൻ ഓഫിസിലെത്തിയ ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണയോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടുന്നതിനിടെ ആക്രമണം നടന്നു.
എൽ.ഡി.എഫ് കൗൺസിലർമാരായ മഹേഷ്, ടി. മുരളീധരൻ, ഷീബ, ടി.കെ. ഷമീന, എൻ. ജയഷീല എന്നിവർക്കും കോതി സമരസമിതി കൺവീനർ ടി. സിദ്ദിഖ് എന്നിവർക്കും പരിക്കേറ്റു. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, സൗഫിയ അനീഷ്, ഓമന മധു എന്നിവരെ എൽ.ഡി.എഫ് പ്രവർത്തകർ മർദിച്ചതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.