എസ്.സി വിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ് തട്ടിയെടുക്കൽ; വിവാദമായതോടെ ഒരു യുവതി പണം തിരിച്ചടച്ചു
text_fieldsഇടുക്കി: പട്ടികജാതിവിഭാഗം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് തട്ടിയെടുത്ത സംഭവത്തിൽ നോട്ടീസ് ലഭിച്ചവരിൽ ഒരാൾ പണം തിരികെ അടച്ചു. ചൊക്കനാട് സ്വദേശിനിയായ 24 കാരിയാണ് കഴിഞ്ഞ ദിവസം ദേവികുളം എസ്.സി ഓഫിസിലെത്തി 50,000 രൂപ തിരിച്ചടച്ചത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സ്കോളർഷിപ് തട്ടിയെടുത്ത 23 പേർക്കാണ് എസ്.സി ഓഫിസർ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
മുൻ പഞ്ചായത്ത് അംഗം സ്കോളർഷിപ് വാങ്ങി നൽകാമെന്നുപറഞ്ഞ് തെൻറ ബാങ്ക് പാസ് ബുക്കും എ.ടി.എം കാർഡും കൈക്കലാക്കിയെന്ന പരാതിയുമായി എത്തിയാണ് യുവതി പണം തിരിച്ചടച്ചത്. പട്ടികജാതി വിഭാഗത്തിന് സർക്കാർ നൽകുന്ന സ്ഥലവും വീടും വാങ്ങിനൽകാമെന്ന് പറഞ്ഞ് ഇതേ യുവതിയിൽനിന്ന് മുൻ പഞ്ചായത്ത് അംഗം 60,000 രൂപ തട്ടിയെടുത്തിരുന്നു.
സംഭവം വിവാദമാകുകയും യുവതി പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ തമിഴ്നാട്ടിലേക്ക് മുങ്ങിയ മുൻ പഞ്ചായത്ത് അംഗം കഴിഞ്ഞദിവസം യുവതിയുടെ വീട്ടിലെത്തി സ്കോളർഷിപ് തുകയും വീടിന് വാങ്ങിയ തുകയും തിരികെ നൽകിയിരുന്നു. തുടർന്ന് യുവതി പൊലീസിൽ നൽകിയ പരാതിയുൾെപ്പടെ പിൻവലിച്ചു.
വർഷങ്ങൾക്ക് മുമ്പ് പഠനം നിർത്തിയശേഷം ടൗണിലെ വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ പേരിൽ തമിഴ്നാട്ടിലെ കോളജ് സർട്ടിഫിക്കറ്റുകൾ വ്യാജമായുണ്ടാക്കിയാണ് മുൻ ജനപ്രതിനിധികൾ പണം തട്ടിയെടുത്തത്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ദേവികുളം പട്ടികജാതി വികസന ഓഫിസിൽ നടത്തിയ പരിശോധനയിലാണ് 2018 മുതൽ 2020 വരെ 23 വിദ്യാർഥികൾ സ്കോളർഷിപ് ലഭിക്കാൻ ഹാജരാക്കിയത് വ്യാജ കോളജ് സർട്ടിഫിക്കറ്റുകളാണെന്ന് കണ്ടെത്തിയത്.
പൊലീസ് രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിൽ ചില അധ്യാപകരാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രമുഖ കോളജുകളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി മുൻ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്ക് നൽകിയതെന്ന് കണ്ടെത്തിയത്. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് മുൻ ജനപ്രതിനിധികൾ തോട്ടം മേഖലയിലെ പഠനം നിർത്തിയവരുടെയും പഠിക്കുന്നവരുടെയും ബാങ്ക് പാസ്ബുക്കും എ.ടി.എം കാർഡും കൈക്കലാക്കി പണം തട്ടിയെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.