ഇ.എം.സി.സി പ്രതിനിധികൾ പ്രതിപക്ഷ നേതാവുമായി ചേർന്ന് കഥകൾ മെനയുന്നു -മന്ത്രി മേഴ്സിക്കുട്ടിയമ്മ
text_fieldsതിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഉൾപ്പെട്ട ഇ.എം.സി.സി ഇന്‍റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ രൂക്ഷമായി വിമർശിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇ.എം.സി.സി പ്രതിനിധികൾ പ്രതിപക്ഷ നേതാവുമായി ചേർന്ന് കഥകൾ മെനയുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.
ഇ.എം.സി.സി കമ്പനിയുടെ പ്രതിനിധികൾ തന്നെ കണ്ടിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. സർക്കാറിനെതിരായ ആരോപണം പ്രതിപക്ഷ നേതാവിന്‍റെ ഗൂഢാലോചനയാണ്. പ്രതിപക്ഷം കള്ളകഥകൾ മെനയുകയാണെന്നും മേഴ്സിക്കുട്ടിയമ്മ മീഡിയവൺ അഭിമുഖത്തിൽ ആരോപിച്ചു.
ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കൂടുതൽ തെളിവുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തുവിട്ടിരുന്നു. ഇ.എം.സി.സി ഇന്‍റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമം 'അസെൻഡ് കേരള-2020'യിൽവെച്ച് ഉണ്ടാക്കിയ ധാരണാപത്രത്തിന്‍റെ (എം.ഒ.യു) പകർപ്പും പള്ളിപ്പുറത്ത് ഇ.എം.സി.സിക്ക് ഭൂമി അനുവദിച്ച സർക്കാർ ഉത്തരവിന്‍റെ പകർപ്പുമാണ് ചെന്നിത്തല പുറത്തുവിട്ടത്. ഇ.എം.സി.സി-കെ.എസ്.ഐ.എൻ.സി കരാർ സംബന്ധിച്ച് കേരള സർക്കാർ നൽകിയ പി.ആർ.ഡി പരസ്യവും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു.
ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽവെച്ച് ചർച്ച നടത്തിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ചെന്നിത്തല പറഞ്ഞു. ന്യൂയോർക്കിൽവെച്ച് മാത്രമല്ല തിരുവനന്തപുരത്തും ചർച്ചകൾ നടന്നിട്ടുണ്ട്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പല വസ്തുതകൾ സംസ്ഥാന സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും മറച്ചുവെക്കുകയാണ്. ഉണർന്നിരിക്കുന്ന പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.