ആഴക്കടൽ മത്സ്യബന്ധന വിവാദം വോട്ടിൽ പ്രതിഫലിക്കുമെന്ന് അതിരൂപത മുൻ വികാരി ജനറാൾ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ തിരയിളക്കത്തിന് ആക്കംകൂട്ടി ആഴക്കടൽ മത്സ്യബന്ധന വിവാദം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ആരോപണങ്ങൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഏറ്റുപിടിച്ചതോടെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിനും ഇതു വഴിവെച്ചിരിക്കുന്നു.
ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കടലാസ് സ്ഥാപനമാണെന്ന് കേന്ദ്രം അറിയിച്ചിട്ടും അത് അവഗണിച്ചാണ് സംസ്ഥാനം ധാരണപത്രം ഒപ്പിട്ടതെന്നുമാണ് വി. മുരളീധരെൻറ ആരോപണം. കരാർ ഒപ്പിടുമ്പോൾ ഇ.എം.സി.സി കടലാസ് കമ്പനിയാണെന്ന് സംസ്ഥാന സർക്കാറിന് ബോധ്യമുണ്ടായിരുന്നു. ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചില്ലെന്ന മന്ത്രിമാരുടെ വാദം വിശ്വസനീയമല്ല. വൻ അഴിമതിക്കാണ് സർക്കാർ ലക്ഷ്യമിട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, തെൻറ കമ്പനിക്കെതിരായ കേന്ദ്രമന്ത്രിയുടെ പരാമർശം രാഷ്ട്രീയ മൈലേജിനുവേണ്ടിയാണെന്ന് ഇ.എം.സി.സി പ്രസിഡൻറ് ഷിജു വർഗീസ് പ്രതികരിച്ചു. വിഷയത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ന്യൂയോർക്കിലെ കോമേഴ്സ് വിങ്ങിൽനിന്ന് കമ്പനിയുടെ വിശദാംശം അറിയിക്കാൻ മെയിൽ വരുകയും എല്ലാം സമർപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി ന്യൂയോർക്കിൽ വന്നപ്പോൾ താനും സി.ഇ.ഒയും പദ്ധതിയെക്കുറിച്ച് പറഞ്ഞിരുന്നു.
ഇ.എം.സി.സി കമ്പനിയുടെ വിവരം കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്ന നിലപാടിലാണ് മന്ത്രി ഇ.പി. ജയരാജൻ. കേന്ദ്രമന്ത്രി മുരളീധരൻ ഒരു രഹസ്യം കിട്ടിയാൽ പോക്കറ്റിൽ വെക്കുകല്ല വേണ്ടതെന്നും സംസ്ഥാനത്തെ അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രികൂടി ഉൾപ്പെട്ടതിനാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഇ.എം.സി.സിയുമായുണ്ടാക്കിയ ധാരണപത്രത്തിലെ ഒരുഭാഗം മാത്രം റദ്ദാക്കിയിട്ട് കാര്യമില്ല. മുഴുവൻ ഇടപാടുകളും റദ്ദാക്കണം.
പദ്ധതിയിലെ ഒരുഭാഗം മാത്രമാണ് ഇപ്പോൾ റദ്ദാക്കിയത്. അസെൻറിൽ ഒപ്പിട്ട ധാരണപത്രം നിലനിൽക്കുകയാണ്. പള്ളിപ്പുറത്ത് നൽകിയ നാല് ഏക്കർ സ്ഥലം തിരികെ വാങ്ങാനോ മത്സ്യനയത്തിൽ മാറ്റം വരുത്തിയ നടപടി തിരുത്താനോ നടപടിയില്ല. 27നു മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ച ഹർത്താലിന് യു.ഡി.എഫ് പിന്തുണ നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ, ആഴക്കടൽ മത്സ്യബന്ധനത്തിൽ സർക്കാറിന് വ്യക്തമായ നിലപാടുണ്ടെന്നും മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്ന നിലപാടിൽ ഒരു മാറ്റവും വരുത്തിെല്ലന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളെയും അഭിവൃദ്ധിപ്പെടുത്തുന്ന സർക്കാറിനെയാണ് അപകീർത്തിപ്പെടുത്താനായി ചിലർ ആരോപണങ്ങളുന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദം വോട്ടിൽ പ്രതിഫലിക്കും –ഫാ. യൂജിൻ പെരേര
ന്യൂഡൽഹി: ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയ മുഴുവൻ കരാറുകളും സംസ്ഥാന സർക്കാർ റദ്ദാക്കണമെന്ന് തിരുവനന്തപുരം അതിരൂപത മുൻ വികാരി ജനറാൾ ഫാ. യൂജിൻ പെരേര ആവശ്യപ്പെട്ടു. ഒരു കരാർ മാത്രമല്ല, മുഴുവൻ കരാറുകളും റദ്ദാക്കണം. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഒന്നും അറിഞ്ഞില്ലെന്നു പറയുന്നത് ബാലിശമാണ്. ഒരു ധാരണപത്രം മാത്രം റദ്ദാക്കി പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ട. വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചൊവ്വാഴ്ച ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.