അടിയന്തരാവസ്ഥ ഇവർക്ക് പൊള്ളുന്ന സ്കൂളോർമ
text_fieldsപാലക്കാട്: രണ്ട് ദിനം പിന്നിട്ടാൽ വീണ്ടുമൊരു ജൂൺ 25. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് 42 വർഷം തികയുന്ന ദിവസം. ലാത്തിയേന്തിയ പൊലീസിനെ കാണുേമ്പാൾ തന്നെ നാട് മുഴുവൻ ഒാടിയൊളിച്ചിരുന്ന ആ കാലമോർക്കാൻ പോലും അന്ന് സ്കൂൾ വിദ്യാർഥികളായിരുന്ന ഇൗ 14 പേർക്ക് മടിയാണ്. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ച് പേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. 1976 ആഗസ്റ്റ് ആറ്. അന്നാണ് കൊടുവായൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസിലെ 19 പേർ പൊലീസ് പിടിയിലാകുന്നതും 21 ദിവസം ജയിലിൽ കിടന്നതും. ഭീതിയുടെ വേരുകൾ 55 പിന്നിട്ടിട്ടും ഇവരിൽ ആഴ്ന്നുകിടക്കുന്നു. എസ്.എഫ്.ഐ പ്രവർത്തകരായ 19 വിദ്യാർഥികളാണ് അറസ്റ്റിലായത്. അടിയന്തരാവസ്ഥയിൽ ജയിൽശിക്ഷ അനുഭവിച്ച ഏറ്റവും പ്രായം കുറഞ്ഞവരായിരുന്നു ഇവർ.
കൊടുവായൂർ, വാഴക്കോട്, തണ്ണിശ്ശേരി, കിണാശ്ശേരി, വടക്കുംപാടം, ചോറക്കോട്, പല്ലാവൂർ, കാക്കയൂർ, ഏത്തന്നൂർ, പുതുനഗരം ഗ്രാമവാസികളായ നാരായണൻ, വിജയകുമാർ, വിനോദ് കൃഷ്ണൻ, ചന്ദ്രൻ, വെള്ളപ്പൻ, സുബ്രഹ്മണ്യൻ, സ്വാമിനാഥൻ, രാജൻ, കൃഷ്ണൻകുട്ടി, നാരായണൻ, ഹസൻ, രാമദാസ്, ശെൽവപെരുമാൾ, കൃഷ്ണദാസ്, ഗംഗാധരൻ, ഗോവിന്ദൻകുട്ടി, ലക്ഷ്മണൻ, മുരുകൻ, രവികുമാർ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇതിൽ ഗംഗാധരൻ, ഗോവിന്ദൻകുട്ടി, ലക്ഷ്മണൻ, മുരുകൻ, രവികുമാർ എന്നിവർ ജീവിച്ചിരിപ്പില്ല. എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും തമ്മിലെ സംഘർഷമാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രശ്നം മൂർച്ഛിച്ചതിനെ തുടർന്ന് സുരക്ഷക്കായി എസ്.എഫ്.ഐ പ്രവർത്തകരെ പാർട്ടിപ്രവർത്തകർ സി.പി.എം കൊടുവായൂർ ലോക്കൽ കമ്മിറ്റി ഓഫിസിൽ പൂട്ടിയിട്ടു.
എന്നാൽ, രാത്രിയായതോടെ പൊലീസ് കുതിച്ചെത്തി പൂട്ടുതകർത്ത് അകത്തുകയറി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി ഒമ്പതോടെ കൊടുവായൂർ സ്റ്റേഷനിലെത്തിച്ചു. തങ്ങളെ കൈകാര്യം ചെയ്യാനേൽപ്പിച്ച പൊലീസുകാരെൻറ അനുകമ്പയാൽ മർദനത്തിൽനിന്ന് രക്ഷപ്പെട്ടെന്ന് ഇവർ പറയുന്നു. അടിവസ്ത്രത്തിൽ ലോക്കപ്പിൽ നിർത്തി. രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പിറ്റേന്നുമുതൽ 15 ദിവസം റിമാൻഡിൽ. റിമാൻഡ് കാലാവധി ആറുദിവസം കൂടി നീട്ടി. അങ്ങനെ 21 ദിവസം സാധാരണ കുറ്റവാളികൾക്കൊപ്പം പാലക്കാട് സബ് ജയിലിൽ. പി.ജി. മേനോനാണ് കേസ് വാദിച്ചത്. ഒടുവിൽ മാപ്പപേക്ഷ എഴുതിക്കൊടുത്തതിനാൽ കുട്ടികളെ വിട്ടയക്കാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു. പലരും പിന്നീടും രാഷ്ട്രീയ പ്രവർത്തനം തുടർന്നു. മിക്കവരും ഇടതനുഭാവികളാണെങ്കിലും സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.