കേരളത്തിൽ ഫ്യൂഡലിസം അവസാനിപ്പിക്കുന്നതിൽ പ്രവാസത്തിനും പങ്ക് -സെമിനാർ
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഫ്യൂഡലിസം അവസാനിപ്പിക്കുന്നതിൽ പ്രവാസത്തിനും ചെറിയ പങ്കുണ്ടെന്നും അതുകൊണ്ടുതന്നെ ആദ്യകാല മലയാളി ഫ്യൂഡൽ സമൂഹത്തിന് പ്രവാസത്തോട് നിഷേധ നിലപാടായിരുന്നെന്നും പി.ടി. കുഞ്ഞുമുഹമ്മദ്. കേരളീയത്തോടനുബന്ധിച്ച് ‘ കേരളവും പ്രവാസി സമൂഹവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശങ്ങളിലേക്ക് പോയവർ മടങ്ങിവന്നത് വിശാലമായ ആധുനിക ബോധവും പുരോഗമനപരമായ ലോകബോധവും അനുഭവസമ്പത്തുമായായിരുന്നു. അതിന്റെ പ്രതിഫലനങ്ങൾ കേരളത്തിലും കണ്ടു. മടങ്ങിവന്ന പ്രവാസികൾ കലയിലും സംസ്കാരത്തിലുമെല്ലാം ഇടപെട്ടു.
സംരംഭങ്ങൾ തുടങ്ങി. 1970കളിലെ ഭൂമിയുടെ ക്രയവിക്രയങ്ങൾ ഇക്കാര്യം അടിവരയിടുന്നു. ആദ്യം രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂനിയനുകളുമെല്ലാം പ്രവാസത്തെ അവഗണിച്ചു. പിന്നീട് ഇവർക്കും പ്രവാസസാഹചര്യങ്ങളെ അഭിസംബോധന ചെയ്യേണ്ടി വന്നു. പിന്നീട് അവഗണിക്കാനാകാത്ത ഒഴുക്കായി പ്രവാസം മാറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾ കേരളത്തിന്റെ ജീവിതരേഖയാണെന്ന് ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് സ്ഥാപക പ്രസിഡന്റ് ഡോ. ഇരുദയരാജൻ പറഞ്ഞു. പ്രവാസമായിരുന്നില്ലെങ്കിൽ കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സങ്കൽപ്പിക്കാൻപോലും കഴിയുമായിരുന്നില്ല.
പ്രവാസം കേരളത്തിന്റെ ഭൂപ്രകൃതിതന്നെ മാറ്റി. കേരളത്തിൽ ഒരു പുതിയ സമൂഹികാവസ്ഥതന്നെ സൃഷ്ടിച്ചു. പ്രവാസം മൂലം ഒറ്റപ്പെടുന്ന വയോജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങൾ കൂടി അഭിസംബോധന ചെയ്യണമെന്നം അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ എത്ര പ്രവാസികളുണ്ടെന്നതിന് കൃത്യമായ ഡേറ്റയില്ലെന്നും ഇപ്പോഴുള്ളത് ഊഹക്കണക്കുകൾ മാത്രമാണെന്നും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഷീല തോമസ് പറഞ്ഞു.
കൃത്യമായ വിവരമുണ്ടെങ്കിൽ മാത്രമേ ഇവർക്കുവേണ്ടി കാര്യക്ഷമവും പ്രായോഗികവുമായ പദ്ധതികൾ ആവിഷ്കരിക്കാനാവൂ. തിരികെയെത്തുന്ന പ്രവാസികൾക്ക് വരുമാനം ഉറപ്പുവരുത്തി സമൂഹത്തിൽ ഇഴുകിച്ചേരാൻ കഴിയുംവിധമുള്ള പദ്ധതികൾ കൂടുതൽ ആർജവത്തോടെയും ഊർജത്തോടെയും നടപ്പാക്കാനാകണമെന്ന് അവർ പറഞ്ഞു.
മന്ത്രി കെ. കൃഷ്ണൻകുട്ടി, കെ.വി. അബ്ദുൽ ഖാദർ, ഡോ. ആസാദ് മൂപ്പൻ, ഡോ. ബാബു സ്റ്റീഫൻ, ഒ.വി. മുസ്തഫ, സി.വി. റപ്പായി, ഡോ.കെ.എൻ. ഹരിലാൽ, ഡോ. ജിനു സക്കറിയ, ഡോ. രവിരാമൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.