ട്വിസ്റ്റിൽ വിഷമം; ഷാഫിക്ക് വികാരനിർഭര യാത്രയയപ്പ്
text_fieldsപാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലുണ്ടായ ട്വിസ്റ്റിനോട് പൊരുത്തപ്പെടാനാകാതെ പാലക്കാട്ടുകാർ. പാലക്കാടിന്റെ ഷാഫിയെ വടകരക്ക് വിട്ടുനൽകുന്നതിൽ പലർക്കും വലിയ സങ്കടം. അത് അത്രമേൽ പ്രതിഫലിക്കുന്നതായിരുന്നു ഞായറാഴ്ച രാവിലെ എം.എൽ.എക്ക് നൽകിയ യാത്രയയപ്പ്. രാവിലെ 10ന് വടകരയിലേക്ക് തിരിക്കുമെന്നാണ് ശനിയാഴ്ച രാത്രി ഷാഫി പറമ്പിൽ എം.എൽ.എ നൽകിയ സന്ദേശം. ഇതറിഞ്ഞതോടെയാണ് എം.എൽ.എ ഓഫിസിന് മുന്നിൽ ആളുകൾ തടിച്ചുകൂടിയത്. പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും പ്രവർത്തകർ ഷാഫിയെ യാത്രയാക്കുന്നതിലെ വിഷമം പങ്കുവെച്ചു. പോയി ജയിച്ചു വാ, ജയിച്ചു വരട്ടെ എന്നിങ്ങനെ പറഞ്ഞാണ് ഷാഫിക്ക് പാലക്കാട്ടെ ജനങ്ങള്‍ യാത്രയയപ്പ് നല്‍കിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം ലോക്സഭയില്‍ ഉണ്ടാകണം എന്നും ചിലര്‍ ആശംസിച്ചു.
ഓള് ദ ബെസ്റ്റ് ആശംസിച്ച് നിരവധി സ്ത്രീകളും എത്തിയിരുന്നു. പാലക്കാട്ടുകാരുടെ വൈകാരിക യാത്രയയപ്പ് കണ്ട് ഷാഫിയുടെ കണ്ണും നിറഞ്ഞു.
തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾക്ക് സമാനമായി എം.എൽ.എ ഓഫിസിന് മുന്നിൽ തടിച്ചുകൂടിയത് വൻ ജനക്കൂട്ടമാണ്. തങ്ങളുടെ പ്രിയപ്പെട്ട എം.എൽ.എയെക്കണ്ട് യാത്ര പറയാൻ എത്തിയ പാലക്കാട്ടുകാരിൽ ചിലർ പൊട്ടിക്കരഞ്ഞു, കെട്ടിപ്പിടിച്ചു. വടകരയിൽ വിജയിച്ചുവരണമെന്ന് അനുഗ്രഹിച്ചു. പാലക്കാടുമായുള്ള തന്റെ ബന്ധങ്ങള്‍ അറുത്തുമുറിച്ചുകൊണ്ടല്ല പോകുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പദവിയുമായി ബന്ധപ്പെട്ട സ്നേഹമല്ല ജനം ഇപ്പോള്‍ തനിക്ക് നല്‍കുന്നത്. ആ സ്നേഹം സ്വീകരിക്കാന്‍ എപ്പോള്‍ വേണമെങ്കിലും തനിക്ക് ഇവിടേക്ക് വരാം. പാര്‍ട്ടി തനിക്ക് മറ്റു പരിഗണനങ്ങള് നല്‍കുന്നതിന് പിന്നിലുള്ള ശക്തിതന്നെ പാലക്കാട്ടെ ജനങ്ങളുടെ സ്നേഹമാണെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.
തന്റെ അഭാവംകൊണ്ട് പാലക്കാട് ഒരിക്കലും ബി.ജെ.പിയുടെ കൈകളിലേക്ക് എത്തില്ല. പ്രചാരണം താന്‍തന്നെ മുന്നില്‍നിന്ന് നയിക്കുമെന്നും ഷാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.