പി.ആർ.ഡിയിലെ എംപാനൽ ജീവനക്കാർക്ക് മൂന്നുമാസമായി ശമ്പളമില്ല
text_fieldsമലപ്പുറം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ (ഐ ആൻഡ് പി.ആർ.ഡി) നൂറ്റമ്പതോളം എംപാനൽ ജീവനക്കാർ ജോലി ചെയ്യുന്നത് ശമ്പളമില്ലാതെ. സംയോജിത വികസന വാർത്തശൃംഖല പദ്ധതിയിൽ (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്‍റ്, കണ്ടന്‍റ് എഡിറ്റർ തസ്തികകളിൽ നിയമനം ലഭിച്ചവരാണ് മൂന്നു മാസമായി കൂലിയില്ലാതെ പണിയെടുക്കുന്നത്.
ഫെബ്രുവരിയിലാണ് ഇവരെ നിയമിച്ചത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ശമ്പളമാണ് ഇതുവരെ ലഭിക്കാത്തത്. ഓരോ ജില്ലയിലും പത്തോളം പേരാണ് ഈ തസ്തികകളിൽ ജോലി ചെയ്യുന്നത്. സർക്കാറിന്‍റെ വികസന പ്രവർത്തനം സംബന്ധിച്ച വാർത്തകൾ താഴേ തട്ടിലെത്തിക്കുക, താഴേ തട്ടിലെ വികസന പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയടക്കം പൊതുജനങ്ങളിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി പാനൽ രൂപവത്കരിച്ചായിരുന്നു ഇവരുടെ നിയമനം. സംസ്ഥാന സർക്കാർ വാർഷികത്തിന്‍റെ ഒരാഴ്ചത്തെ പരിപാടികളുടെ സംഘാടന ചുമതലയിലുൾപ്പെടെ പ്രധാന പങ്ക് വഹിക്കേണ്ടതിനാൽ രാപ്പകൽ ഭേദമില്ലാതെയാണ് ഇവർ ഇപ്പോൾ ജോലി ചെയ്യുന്നത്. കോടികൾ ചെലവഴിച്ച് വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ ഇതിന് ചുക്കാൻ പിടിക്കുന്ന തങ്ങൾ അരപ്പട്ടിണിയിലാണെന്ന് താൽക്കാലിക ജീവനക്കാർ പറയുന്നു.
വാർഷികാഘോഷവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് 20 ലക്ഷം രൂപ വീതം ഓരോ ജില്ല ഓഫിസുകൾക്കും അനുവദിച്ചിട്ടുണ്ട്. ജേണലിസത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരും പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്ത ഏജൻസികളിലോ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ പി.ആർ വിഭാഗങ്ങളിലോ പ്രവൃത്തി പരിചയമുള്ളവരുമായവരെയാണ് ഈ തസ്തികകളിൽ നിയമിച്ചത്. സബ് എഡിറ്റർക്ക് 21,780 രൂപയും കണ്ടന്‍റ് എഡിറ്റർക്ക് 17,940 രൂപയും ഇൻഫർമേഷൻ അസിസ്റ്റന്‍റിന് 16,940 രൂപയുമാണ് മാസശമ്പളമെന്നും ധനവകുപ്പിലേക്കയച്ച ബില്ലുകളിൽ തുക അനുവദിച്ചാലുടൻ വേതനം വിതരണം ചെയ്യുമെന്നുമാണ് പി.ആർ.ഡി അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.