ബിവറേജസിലെ 31 ലക്ഷവുമായി കാണാതായ ജീവനക്കാരൻ തിരികെ നാട്ടിലെത്തിയപ്പോൾ പൊലീസ് പിടിയിൽ
text_fieldsമണ്ണാർക്കാട്: കാഞ്ഞിരപ്പുഴയിലെ കാഞ്ഞിരത്തെ ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് ബാങ്കിലടക്കാൻ കൊണ്ടുപോയ പണവുമായി കാണാതായ ജീവനക്കാരനെ മണ്ണാർക്കാട് പൊലീസ് പിടികൂടി. ബിവറേജസിലെ ക്ലർക്ക് ആലത്തൂർ ചെമ്മക്കാട് വീട്ടിൽ ഗിരീഷിനെയാണ് (40) രഹസ്യവിവരത്തെ തുടർന്ന് വീടിനു സമീപത്തുനിന്ന് പിടികൂടിയത്.
ബാങ്കിലടക്കാനുള്ള നാല് ദിവസത്തെ കലക്ഷൻ തുകയായ 31,25,240 രൂപയുമായാണ് ഗിരീഷിനെ തിങ്കളാഴ്ച കാണാതായത്. തുടർന്ന് ഗിരീഷ് മാനേജരായ ജയചന്ദ്രെൻറ ഫോണിലേക്ക് തനിക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അതുകൊണ്ട് തൽക്കാലം ഈ പൈസ തിരിമറി ചെയ്യുകയാണെന്നുമുള്ള ശബ്ദസന്ദേശം അയച്ചിരുന്നു.
ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഗിരീഷിനെ പിടികൂടിയത്. പണവുമായി ബാങ്കിലേക്ക് പോയ ഗിരീഷ് കാഞ്ഞിരത്തുനിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി സുഹൃത്തിെൻറ കാറിൽ പാലക്കാട്ടേക്ക് പോകുകയായിരുന്നു. അവിടെ വെച്ച് പണം നൽകാനുള്ള ഒരാൾക്ക് അഞ്ച് ലക്ഷം രൂപ തിരിച്ചുനൽകി. പിന്നീട് വാളയാറിലെ ഒരു സുഹൃത്തിനും പണം നൽകി. കൂടാതെ കോയമ്പത്തൂരിലെത്തി മറ്റൊരു സുഹൃത്തിന് 50,000 രൂപയും തിരുപ്പൂരിലെ സുഹൃത്തിന് കടം വാങ്ങിയ മൂന്ന് ലക്ഷം തിരിച്ചുനൽകുകയും ചെയ്തു. പിന്നീട് ആലത്തൂരിലേക്ക് മടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആലത്തൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും അയൽവാസിയുമായ രമേഷിന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടാനായത്. പിടിയിലാകുമ്പോൾ ഗിരീഷിെൻറ കൈയിൽനിന്ന് ബാഗിൽ സൂക്ഷിച്ചിരുന്ന 22,25,240 രൂപ പൊലീസ് കണ്ടെടുത്തു. ബാക്കി തുക നൽകിയവരിൽനിന്ന് കണ്ടെടുക്കുകയും സാമ്പത്തിക തട്ടിപ്പ് വിവരമറിഞ്ഞ ഗിരീഷ് പണം നൽകിയ ചിലർ മണ്ണാർക്കാട് സ്റ്റേഷനിലെത്തി പൊലീസിന് തുക കൈമാറുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
മണ്ണാർക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസ്, സി.ഐ പി. അജിത്ത് കുമാർ, എസ്.ഐ ജസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.