ജീവനക്കാർ നിസ്സഹകരണത്തിൽ; ഒപ്പിടാനാകാതെ സാങ്കേതിക സർവകലാശാല ആക്ടിങ് വി.സി
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ നിസ്സഹകരണത്തിൽ ഫയലുകൾ പരിശോധിക്കാനാകാതെയും ബിരുദ സർട്ടിഫിക്കറ്റുകളിൽ ഒപ്പുവെക്കാനാകാതെയും സാങ്കേതിക സർവകലാശാല ആക്ടിങ് വി.സി ഡോ. സിസ തോമസ്. എസ്.എഫ്.ഐയുടെയും ഇടത് ജീവനക്കാരുടെയും പ്രതിഷേധത്തിനിടയിലൂടെയാണ് ഓഫിസിൽ എത്തുന്നത്.
എന്നാൽ വി.സിയുടെ നിയമനം സർക്കാർ തന്നെ കോടതിയിൽ ചോദ്യംചെയ്ത സാഹചര്യത്തിൽ ഫയലുകളും ഒപ്പുവെക്കാനുള്ള ബിരുദ സർട്ടിഫിക്കറ്റുകളും നൽകേണ്ടതില്ലെന്നാണ് തലപ്പത്തിരിക്കുന്നവർക്കുള്ള അനൗദ്യോഗിക നിർദേശം. നാലായിരത്തോളം ബിരുദ സർട്ടിഫിക്കറ്റുകളാണ് വി.സി ഒപ്പിടേണ്ടത്.
എന്നാൽ സർവകലാശാലയുടെ ഇ-ഫയൽ സംവിധാനമായ ഡി.ഡി.എഫ്.എസിലേക്കും ബിരുദ സർട്ടിഫിക്കറ്റ് ഒപ്പിടാനുള്ള സംവിധാനത്തിലേക്കും ആക്ടിങ് വി.സിക്ക് ലോഗിൻ അനുവദിച്ചിട്ടില്ല. ഇവരുടെ ഡിജിറ്റൽ ഒപ്പ് തയാറാക്കിയാലേ ബിരുദ സർട്ടിഫിക്കറ്റിൽ ഒപ്പ് രേഖപ്പെടുത്താനാകൂ. ഇതിനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. സർട്ടിഫിക്കറ്റുകൾ സാങ്കേതിക കാരണങ്ങളാൽ നൽകാനാവുന്നില്ലെന്ന കത്ത് അടിയന്തര ആവശ്യക്കാർക്ക് നൽകാൻ ആക്ടിങ് വി.സി പരീക്ഷ കൺട്രോളർക്ക് നിർദേശം നൽകി.
വെള്ളിയാഴ്ച വി.സി ഓഫിസിൽ എത്തിയപ്പോൾ ഒരുകൂട്ടം വിദ്യാർഥികൾ കാർ തടഞ്ഞെങ്കിലും പൊലീസ് നീക്കി. ഇടത് അനുകൂല ജീവനക്കാരും വി.സിയുടെ ഓഫിസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. വി.സി നിയമനത്തിനെതിരെ ഗവർണറെ എതിർകക്ഷിയാക്കി സർക്കാർ ഫയൽ ചെയ്ത ഹരജി ഫയലിൽ സ്വീകരിച്ച ഹൈകോടതി 16ന് മുമ്പ് എതിർ സത്യവാങ്മൂലം നൽകാൻ ഗവർണറുടെയും യു.ജി.സിയുടെയും വി.സിയുടെയും അഭിഭാഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.