മീഡിയവൺ വിലക്കിനെതിരെ 'മാധ്യമം' ജീവനക്കാർ പ്രതിഷേധിച്ചു
text_fieldsകോഴിക്കോട്: മീഡിയവൺ ചാനലിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയതിനെതിരെ കോഴിക്കോട്ട് 'മാധ്യമം' ദിനപത്രത്തിലെ ജീവനക്കാർ പ്രതിഷേധസംഗമം നടത്തി. മാധ്യമം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ജീവനക്കാർ പ്രകടനം നടത്തി. കിഡ്‌സൺ കോർണറിൽ നടന്ന പൊതുയോഗം പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ ഉദ്ഘാടനം ചെയ്തു. കെ.എ സെയ്ഫുദ്ദീൻ സ്വാഗതം പറഞ്ഞു. കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ് അനിൽകുമാർ സംസാരിച്ചു.
പ്രകടനത്തിന് മാധ്യമം ജേർണലിസ്റ്റ് യൂനിയൻ ഭാരവാഹികളായ കെ.എ. സെയ്ഫുദ്ദീൻ, പി.പി ജുനൂബ്, ഹാഷിം എളമരം, മാധ്യമം എംേപ്ലായീസ് യൂനിയൻ ഭാരവാഹികളായ സജീവൻ, ഹനീഫ, ഫസലുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
അതിനിടെ, സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. കേന്ദ്രം നടത്തിയത് മൗലികാവാകാശ ലംഘനമെന്ന് മീഡിയവണിന് വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവെ വാദിച്ചു. മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ആയിരുന്നു മീഡിയവൺ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. 10 വർഷത്തിനിടെ ഒരു നിയമവിരുദ്ധപ്രവർത്തനവും നടത്തിയിട്ടില്ലെന്ന് ചാനലിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ഹൈക്കോടതിയെ ബോധിപ്പിച്ചു.
പ്രോഗ്രാമിലെന്തെങ്കിലും പ്രശ്‌നമുണ്ടങ്കിൽ അത് ചൂണ്ടി കാണിക്കണം, ലൈസൻസ് റദ്ദാക്കുകയല്ല വേണ്ടതെന്നും ദവെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. മീഡിയവണിന്റെ വിലക്കിന് കാരണമായ വിശദാംശങ്ങളുടെ രേഖകൾ ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹാജരാക്കാൻ ചൊവ്വാഴ്ചവരെ സാവകാശം വേണമെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.