ജീവനക്കാർ കൂട്ടത്തോടെ വിനോദയാത്രയിൽ; വനംമന്ത്രിയുടെ ഓഫിസ് വിവാദത്തിൽ
text_fieldsതൃശൂർ: വനംമന്ത്രിയുടെ ഓഫിസിലെ ജീവനക്കാർ കൂട്ടത്തോടെ വിനോദയാത്ര പോയത് വിവാദമാകുന്നു. തന്റെ അറിവും സമ്മതവുമില്ലാതെയാണ് വിനോദയാത്രയെന്നാണ് എൻ.സി.പി സംസ്ഥാന നേതൃത്വത്തെ മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിരിക്കുന്നത്. ഓഫിസിന്റെ കുത്തഴിഞ്ഞ പ്രവർത്തനം വകുപ്പിനും മന്ത്രിക്കും പൊതുജന മധ്യത്തിൽ അവമതിപ്പുണ്ടാക്കുന്നെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമടക്കമുള്ളവരാണ് തേക്കടിയിലേക്ക് വിനോദയാത്ര പോയത്. അടിയന്തര തീരുമാനമെടുക്കേണ്ട ഫയലുകൾപോലും ഇതോടെ ഓഫിസിൽ കുരുങ്ങിക്കിടക്കുന്നതായാണ് പരാതി. അവധി ദിനങ്ങളാണെങ്കിൽപോലും അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നതാണ് കീഴ്വഴക്കം. മലമ്പുഴയിൽ മാധ്യമപ്രവർത്തകൻ കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവത്തിൽ അടിയന്തരമായി വനംവകുപ്പിൽനിന്നുള്ള തുടർനടപടികൾ ആവശ്യമുണ്ടെന്ന് പാർട്ടി നേതൃത്വം മന്ത്രിയോട് നിർദേശിച്ചിരുന്നു. എന്നാൽ, ഈ സമയത്താണ് ഫയലുകൾ നീക്കേണ്ട ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയിലാണെന്ന വിവരം പുറത്തുവന്നത്.
മന്ത്രി തിരുവനന്തപുരത്തുനിന്ന് സ്വന്തം മണ്ഡലത്തിലേക്ക് പോയാലുടൻ ഓഫിസിലെ ഉദ്യോഗസ്ഥർ മുങ്ങുന്നെന്ന ആക്ഷേപം ശക്തമാണ്. സുഗന്ധഗിരി മരംമുറിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ മന്ത്രിയുടെ ഓഫിസിലെ ഒരുകൂട്ടം ഉദ്യോഗസ്ഥർ മൂന്നാറിൽ വിനോദയാത്രക്ക് പോയത് നേരത്തേ വിവാദമായിരുന്നു. മൊബൈൽ ഫോണിന് റേഞ്ചില്ലാത്ത സ്ഥലത്താണ് ഇവർ തങ്ങിയിരുന്നതെന്നതിനാൽ ചില സംശയ നിവാരണങ്ങൾക്ക് പോലും ബന്ധപ്പെടാനായില്ലെന്നാണ് ആക്ഷേപമുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.