ജീവനക്കാരുടെ ശമ്പള കുടിശ്ശിക വൈകും; ആദ്യ ഗഡു പി.എഫിൽ നൽകുന്നത് നീട്ടി
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശ്ശിക പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടിലേക്ക് നൽകുന്നത് നീട്ടിവെച്ചു. ആദ്യഗഡുവായ 25 ശതമാനം ഏപ്രിൽ ഒന്നിന് പി.എഫിൽ ക്രെഡിറ്റ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, അത് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നീട്ടിവെച്ച് ധനവകുപ്പ് വ്യാഴാഴ്ച ഉത്തരവിറക്കി. ഇതോടെ, തുടർന്നുള്ള ഗഡുക്കളുടെ കാര്യവും അനിശ്ചിതത്വത്തിലായി. സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് കാരണമെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു.
ശമ്പള പരിഷ്കരണ കുടിശ്ശിക പണമായി നാല് ഘട്ടമായി നൽകുമെന്നായിരുന്നു ആദ്യം സർക്കാർ വാഗ്ദാനം. പിന്നീട്, ഉത്തരവിറങ്ങിയപ്പോൾ നാല് ഗഡുവായി പി.എഫിൽ ലയിപ്പിക്കുമെന്നായി. 2023 ഏപ്രിൽ ഒന്ന്, ഒക്ടോബർ ഒന്ന്, 2024 ഏപ്രിൽ ഒന്ന്, ഒക്ടോബർ ഒന്ന് എന്നിങ്ങനെയാണ് നാല് ഗഡുക്കളെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ശനിയാഴ്ച ആദ്യഗഡുവായ 25 ശതമാനം ജീവനക്കാരുടെ പി.എഫിൽ ഇടേണ്ട സമയമായിരിക്കെയാണ് അപ്രതീക്ഷിതമായി നീട്ടിവെച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്. ആദ്യ ഗഡു മുടങ്ങിയതോടെ അവശേഷിക്കുന്ന ഗഡുക്കളുടെ കാര്യം എന്താകുമെന്ന കാര്യത്തിൽ ആശങ്കയുയർന്നു.
202-23 വർഷത്തെ ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിച്ചിട്ടുണ്ട്. 2027ലേ ഇത് പിൻവലിക്കാനാകൂ. ജീവനക്കാർക്ക് അഞ്ച് ഗഡു ക്ഷാമബത്തയും കുടിശ്ശികയാണ്. ഇത് 15 ശതമാനം വരും. ഡി.എ കുടിശ്ശിക അനുവദിക്കാത്തതിലും ശമ്പള കുടിശ്ശിക അനുവദിക്കാത്തതിലും സർക്കാർ ജീവനക്കാർ പ്രതിഷേധത്തിലാണ്. പെൻഷൻ കുടിശ്ശിക നൽകുന്നതും സർക്കാർ നീട്ടിവെച്ചിട്ടുണ്ട്. പി.എഫിലേക്ക് ശമ്പള കുടിശ്ശിക ഇപ്പോൾ നിക്ഷേപിച്ചാൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി രൂക്ഷമാകുമെന്നാണ് ധനവകുപ്പ് വിലയിരുത്തൽ. പി.എഫിൽ കുടിശ്ശിക നൽകുന്നത് നീട്ടിവെച്ച തീരുമാനത്തിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിലാണ്. ഉത്തരവ് പിൻവലിക്കണമെന്നും അടിയന്തരമായി നൽകാൻ നടപടിയെടുക്കണമെന്നും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളായ എം.എസ്. ഇർഷാദും കെ. ബിനോദും ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.