പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളമില്ല; സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: േദശീയ പൊതുപണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാതിരുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളത്തോടെ കാഷ്വൽ അവധിയടക്കം അനുവദിക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈകോടതി. കേന്ദ്ര നയത്തിനെതിരായ ദേശീയ പണിമുടക്ക് ദിവസമായ 2019 ജനുവരി എട്ടിനും ഒമ്പതിനും ജോലിക്ക് ഹാജരാകാതിരുന്നവർക്ക് അവധി അനുവദിച്ച് ജനുവരി 31ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിരീക്ഷണം.
പണിമുടക്ക് ദിവസത്തെ ഹാജർ സൂക്ഷ്മ പരിശോധന നടത്തി ഭരണ നിർവഹണ പ്രിൻസിപ്പൽ സെക്രട്ടറിയും വകുപ്പ് മേധാവികളും നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. രണ്ട് മാസത്തിനകം നടപടി പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ നിർദേശിച്ച കോടതി ഹരജി രണ്ട് മാസത്തിന് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി. ശമ്പളം തിരിച്ചുപിടിക്കൽ അടക്കം നടപടിക്ക് ഉത്തരവ് കാരണമായേക്കും.
പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കും അധ്യാപകർക്കും അവധി അനുവദിച്ച ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന ക്രൈം റെക്കോഡ്സ് ഫിംഗർ പ്രിൻറ് ബ്യൂറോ മുൻ ഡയറക്ടർ ജി. ബാല ഗോപാലനാണ് ഹരജി നൽകിയത്. 2019 ജനുവരിയിലെ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപനം ഉണ്ടായില്ല. മാത്രമല്ല, പെങ്കടുത്തവർക്ക് ശമ്പളത്തോടെ കാഷ്വൽ ലീവ് അടക്കം അനുവദിച്ച് സമരത്തെ സഹായിക്കുകയും ചെയ്തതായി ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ, പണിമുടക്ക് മൂലം ഗതാഗത സൗകര്യമില്ലാത്തത് വിലയിരുത്തിയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
ഡയസ്നോൺ ബാധകം
കൊച്ചി: കേരള സർവിസ് റൂൾസ് പ്രകാരം പണിമുടക്കിൽ പെങ്കടുക്കാൻ അനധികൃതമായി ഹാജരാകാതിരിക്കുന്നവർക്ക് ഡയസ്നോൺ ബാധകമാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ഡയസ്നോൺ ബാധകമായവർക്ക് ശമ്പളത്തിനോ മറ്റ് ആനുകൂല്യങ്ങൾക്കോ അർഹതയില്ല. ആർജിത ലീവിന് ഈ കാലയളവ് പരിഗണിക്കുകയുമില്ല. ഇത് സംബന്ധിച്ച ഒട്ടേറെ സർക്കാർ ഉത്തരവുകളുണ്ട്. അർഹർക്ക് അവധി നൽകുന്നതിന് പകരം പണിമുടക്ക് ദിവസം അവധിയിലായ എല്ലാ ജീവനക്കാർക്കും ബാധകമാകും വിധം ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തത്. ഇതിന് സർക്കാറിന് സ്വാതന്ത്ര്യമോ അവകാശമോ ഇല്ല – കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.