എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ ഓൺലൈനിലേക്ക്
text_fieldsതൃശൂർ: എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷൻ ഓൺലൈൻ ആകുന്നു. ഇത്തവണത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു ഫലം പ്രഖ്യാപിക്കുംമുമ്പേ വെബ്സൈറ്റ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് ശ്രമം. വെബ്സൈറ്റിെൻറ ട്രയൽ റൺ നടത്തിത്തുടങ്ങി. മേയിൽ വെബ്സൈറ്റ് എല്ലാവർക്കും ലഭ്യമാക്കും. ഇതോടെ രജിസ്ട്രേഷന് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളുടെ മുന്നിൽ കാത്തുനിൽക്കേണ്ട അവസ്ഥ മാറും. നിലവിൽ അതത് കേന്ദ്രങ്ങളിലെത്തി നേരിട്ടാണ് രജിസ്ട്രേഷൻ. ഒാൺലൈനിലേക്ക് മാറുമ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഇൻറർനെറ്റ് സൗകര്യമുള്ളവർക്ക് വെബ്സൈറ്റിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം.
വിദ്യാഭ്യാസ യോഗ്യത ചേർത്തശേഷം സർട്ടിഫിക്കറ്റ് പരിശോധനക്കായി എംപ്ലോയ്മെൻറ് ഓഫിസുകളിൽ എത്തിയാൽ മതിയാകും. നാഷനൽ ഇൻഫർമാറ്റിക് സെൻററിനാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്താനുള്ള ചുമതല ഏൽപിച്ചിരുന്നത്. കംപ്യൂട്ടർവത്കരണത്തിൽ വന്ന കാലതാമസമാണ് ഓൺലൈൻ നടപടികൾ നീളാൻ കാരണം. നിലവിൽ 40 ലക്ഷത്തോളം രജിസ്ട്രേഷനുകളാണ് സംസ്ഥാനത്തെ 84 എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിലും ഉള്ളത്. പത്താം ക്ലാസ്, പ്ലസ് ടു ഫലപ്രഖ്യാപനം കഴിയുമ്പോൾ ഓരോ ജില്ലകളിലും അമ്പതിനായിരത്തോളം രജിസ്ട്രേഷനുകൾ നടക്കുന്നുണ്ട്. പുതുക്കൽ ഉൾപ്പെടെ ദിനേന നൂറോളം രജിസ്ട്രേഷനുകളുമുണ്ട്.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെൻററുകളാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഈ വർഷം തൃശൂർ, കാസർകോട് ജില്ലകളിലെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെൻററുകളാക്കും. ആദ്യഘട്ടത്തിൽ കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളെയാണ് എംപ്ലോയബിലിറ്റി സെൻററുകളാക്കിയത്. രജിസ്ട്രേഷൻ വർധിക്കുന്നതിനൊപ്പം തൊഴിൽ ലഭ്യതയിലെ കുറവ് രജിസ്ട്രേഷൻ പുതുക്കുന്നതിൽനിന്ന് പലെരയും പിന്തിരിപ്പിക്കുന്നുണ്ട്. രജിസ്റ്റർ ചെയ്ത 40 ശതമാനത്തോളം പേർ ഇത് പുതുക്കുന്നില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പി.എസ്.സിയുടെ നിയമന പരിധിക്കപ്പുറത്തെ നിയമനങ്ങളെല്ലാം എപ്ലോയ്മെൻറിൽനിന്നാകണമെന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.
25 തൊഴിലാളികളിൽ കൂടുതൽ പേർ ജോലിചെയ്യുന്ന തൊഴിൽ സ്ഥാപനങ്ങളിൽ ഒഴിവുകൾ എംപ്ലോയ്മെൻറിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരിൽ നിലവിൽ ജോലി ലഭിക്കുന്നത് ഒരുശതമാനത്തിന് മാത്രമാണ്. സ്വകാര്യ മേഖലയിലെ ഒഴിവുകൾകൂടി എംപ്ലോയ്മെൻറുകൾ വഴിയാക്കാനാണ് സർക്കാർ ആലോചന. ഇതോടെ, കൂടുതൽ തൊഴിലുകൾ എംപ്ലോയ്മെൻറുകൾ വഴി സൃഷ്ടിക്കാൻ സാധിക്കും. ജില്ലാതലത്തിൽ എംപ്ലോയബിലിറ്റി സെൻററുകൾക്ക് പുറമെ താലൂക്കുതലത്തിൽ കരിയർ ഡെവലപ്മെൻറ് സെൻററുകളുടെ പ്രവർത്തനവും ഊർജിതമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.