മന്ത്രിമാരുടെ പേരിൽ തൊഴിൽ തട്ടിപ്പ്: സരിതയെയും കൂട്ടാളികളെയും തൊടാതെ സർക്കാറും പൊലീസും
text_fieldsതിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം ഉറപ്പുനൽകി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സരിത നായർക്കെതിരെ ചെറുവിരലനക്കാതെ സർക്കാർ. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജരേഖകൾ ചമച്ച് പണം തട്ടിയിട്ടും കേസിൽ തുടർനടപടി സ്വീകരിക്കാൻ പൊലീസ് തയാറായിട്ടില്ല. ഉന്നത രാഷ്ട്രീയ ഇടപെടലാണ് അന്വേഷണത്തിന് തടസ്സമായി നിൽക്കുന്നത്. ഇതോടെ, തട്ടിപ്പിനിരയായവർ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
നെയ്യാറ്റിൻകര സ്വദേശി അരുണിനെ കെ.ടി.ഡി.സിയിലും കുഴിവിള സ്വദേശി എസ്.എസ്. ആദർശിനെ െബവ്കോയിലും ജോലി വാഗ്ദാനം ചെയ്താണ് സരിതയും കൂട്ടാളികളും16.5 ലക്ഷം രൂപ തട്ടിയത്. എന്നാൽ, ജോലി ലഭിക്കാതെ വന്നതോടെ ഇരുവരും കഴിഞ്ഞ നവംബർ ഏഴിന് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡിസംബർ 12ന് സി.പി.എം പഞ്ചായത്ത് അംഗം രതീഷിനെ ഒന്നാം പ്രതിയും ഇയാളുടെ സുഹൃത്ത് ഷാജു പാലിയോട്, സരിത എന്നിവരെ രണ്ടും മൂന്നും പ്രതികളുമാക്കി കേസെടുത്തു. എന്നാൽ, രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് പ്രതികളെ ചോദ്യം ചെയ്യാനോ, വ്യാജരേഖകൾ പരിശോധിക്കാനോ, ഫോൺ സംഭാഷണങ്ങളുടെ അധികാരികത ഉറപ്പുവരുത്താനോ പൊലീസ് തയാറായില്ല.
അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ആരോപണമുയർന്ന ഘട്ടത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ്കുമാർ ഗുരുഡിൻ നെയ്യാറ്റിൻകര സി.ഐയെ വിളിച്ചുവരുത്തി ഫയലുകൾ പരിശോധിച്ചിരുന്നു. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതോടെ സി.ഐക്ക് നോട്ടീസ് നൽകി. സരിതയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനുള്ള തടസ്സമെന്തെന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടു. എന്നാൽ, മന്ത്രിസഭയിലെ ഉന്നതൻ ഇടപെട്ട് നടപടികൾ ഒഴിവാക്കി.
മന്ത്രിമാരുടെയും പാർട്ടിയുടെയും അറിവോടെയാണ് പിൻവാതിൽ നിയമനങ്ങൾ താൻ നടത്തുന്നതെന്നും നൽകുന്ന തുകയിൽ 50 ശതമാനം പാർട്ടി ഫണ്ടിലേക്കും ബാക്കി ഉദ്യോഗസ്ഥർക്കുമാണ് പോകുന്നതെന്നുമുള്ള സരിതയുടെ ഫോൺ സംഭാഷണം അരുൺ പൊലീസിനും മാധ്യമങ്ങൾക്കും കൈമാറിയിരുന്നു.
ബെവ്കോ എം.ഡിയുടെ പേരിലും കെ.ടി.ഡി.സി എം.ഡിയുടെ പേരിലും സരിത തയാറാക്കിയ കത്തും ഇവർക്ക് പണം നൽകിയതിെൻറ രേഖകളും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം കൈമാറിയിട്ടും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് ഹൈകോടതിയെ സമീപിക്കുന്നതെന്ന് അരുൺ 'മാധ്യമ'ത്തോട് പറഞ്ഞു.
അതേസമയം പുറത്തുവന്ന ശബ്ദരേഖ തേൻറതല്ലെന്നും പരാതിക്കാർ പണം നൽകിയതിന് രേഖയില്ലെന്നുമുള്ള നിലപാടിലാണ് സരിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.