പി.ആർ.ഡിയുടെ പേരിലും തൊഴിൽതട്ടിപ്പ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കീഴിലുള്ള വിവര- പൊതുസമ്പർക്ക വകുപ്പിൽ (പി.ആർ.ഡി) ജോലി വാഗ്ദാനം ചെയ്തും തൊഴിൽ തട്ടിപ്പ്. പത്തനംതിട്ട സ്വദേശിക്ക് 34,000 രൂപ നഷ്ടപ്പെട്ടു. എറണാകുളം സ്വദേശി നെടുമ്പാശ്ശേരി ആപ്പിൾ അപ്പാർട്ട്മെന്റിൽ അരുൺ മേനോൻ (40) എന്നയാൾക്കെതിരെ കന്റോൺമെന്റ് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
ജൂൺ 21ന് വ്യാജ നിയമന ഉത്തരവ് അയച്ചുകൊടുത്താണ് തട്ടിപ്പ് നടത്തിയത്. prdkerala.hr.gvtkerala.in@gmail.com എന്ന വിലാസത്തിൽനിന്നാണ് തിരുവനന്തപുരം ഐ ആൻഡ് പി.ആർ.ഡി വകുപ്പിൽ കാഷ്വൽ തസ്തികയിലേക്കുള്ള അപേക്ഷ പി.ആർ.ഡി ഡയറക്ടർ അംഗീകരിച്ചെന്നും 14 ദിവസത്തിനുള്ളിൽ വെരിഫിക്കേഷൻ ഉത്തരവ് ലഭിക്കുമെന്നുമുള്ള ആദ്യ ഇ- മെയിൽ സന്ദേശം. ജൂലൈ 15ന് പി.ആർ.ഡിയുടെതന്നെ മറ്റൊരു ഇ- മെയിൽ വിലാസത്തിൽനിന്ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ഏഴിന് രാവിലെ 11ന് പി.ആർ.ഡി ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള മെയിൽ വന്നു. ആഗസ്റ്റ് മൂന്നിന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 14ലേക്ക് മാറ്റിയെന്ന മെയിൽ വന്നു. പിന്നീട് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് നേരിട്ട് ഹാജരാകേണ്ടതില്ലെന്നും മെയിലിലേക്ക് അപ്ലോഡ് ചെയ്താൽ മതിയെന്നുള്ള മെയിൽ വന്നു. 19ന് നിയമന ഉത്തരവ് ലഭിക്കുന്നതിന് മുന്നോടിയായുള്ള പരിശീലന ക്ലാസ് സംബന്ധിച്ച വിവരം അറിയിച്ചുള്ള സന്ദേശവും വന്നു. നിയമനം മാത്രം ലഭിച്ചില്ല.
2023 ജൂൺ മുതൽ 2023 ആഗസ്റ്റ് മാസംവരെയുള്ള കാലയളവിൽ നെടുമ്പാശ്ശേരിയിലുള്ള ആപ്പിൾ അപ്പാർട്ട്മെന്റിൽവെച്ച് പരാതിക്കാരനിൽനിന്ന് 34,000 രൂപ കൈപ്പറ്റിയശേഷം പറഞ്ഞ ജോലിയോ പണമോ നൽകിയില്ലെന്നാണ് മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.