തൊഴില്‍തട്ടിപ്പ് ടി.പി. രാമകൃഷ്ണന്‍റെ അറിവോടെയെന്ന സരിത നായരുടെ ശബ്ദരേഖ പുറത്ത്; നിഷേധിച്ച് എക്സൈസ് മന്ത്രി
text_fieldsതിരുവനന്തപുരം: തൊഴില്‍തട്ടിപ്പ് കേസിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ മുൻ എം.ഡി സ്പർജൻ കുമാറിനും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന പ്രതി സരിത നായരുടെ ശബ്ദരേഖ പുറത്ത്. തട്ടിപ്പിന് ഇരയായ പരാതിക്കാർ അന്വേഷണ സംഘത്തിന് കൈമാറിയ സരിത നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയുടെ വിശദാംശങ്ങളാണ് പുറത്തായത്.
തട്ടിപ്പിനെ കുറിച്ച് മന്ത്രിക്കും മുൻ എം.ഡിക്കും ഉത്തമബോധ്യമുണ്ടെന്ന് സരിത പരാതിക്കാരോട് പറയുന്നു. പണം നൽകിയ ശേഷം നിയമനം നടക്കാതെ വന്നതിനെ തുടർന്ന് സംശയം പ്രകടിപ്പിച്ചപ്പോഴായിരുന്നു സരിതയുടെ ഈ പ്രതികരണം. നിയമനത്തെ കുറിച്ച് മന്ത്രി ടി.പി രാമകൃഷ്ണനോട് സംസാരിക്കണമെന്നാണ് പണം നൽകിയവരോട് സരിത പറയുന്നത്. നിയമന ഉത്തരവ് വാങ്ങിവെക്കാമെന്ന് മന്ത്രിയുടെ പി.എ പറഞ്ഞതായും സരിത ശബ്ദരേഖയിൽ പറയുന്നു.
അഴിമതിക്കാരനായ ബെവ്കോ മുൻ എം.ഡി സ്പർജൻ കുമാർ, താൻ അഴിമതിക്കാരനല്ലെന്ന് വരുത്തിതീർക്കാനാണ് ശ്രമിക്കുന്നതെന്നും സരിത പറയുന്നു. തൈക്കാട് ബെവ്കോയുടെ ഒാഫീസിൽ വന്ന് ജീവനക്കാരിയായ മീനാകുമാരിയെ കാണാൻ സരിത പണം നൽകിയവരോട് പറഞ്ഞതായും ശബ്ദരേഖ പുറത്തുവിട്ട ന്യൂസ് വെബ്സൈറ്റ് വ്യക്തമാക്കുന്നു.
ബെവ്കോ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണം തള്ളി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ രംഗത്തെത്തി. നിയമനങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് മന്ത്രി രാമകൃഷ്ണന്‍ പറഞ്ഞു. തന്‍റെ പേര് പറയുന്നവരുമായി ഒരു കാലത്തും ബന്ധമില്ല. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനത്തില്‍ തട്ടിപ്പുണ്ടായെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സരിത നായര്‍ ഉള്‍പ്പെട്ട തൊഴില്‍തട്ടിപ്പ് കേസില്‍ കേസെടുത്തിട്ടും മാസങ്ങൾക്ക് ശേഷം ഏപ്രിൽ 17നാണ് ആദ്യ അറസ്റ്റ് നടന്നത്. ഒന്നാം പ്രതിയും കുന്നത്തുകാല്‍ പഞ്ചായത്തിലെ സി.പി.ഐ അംഗവുമായ രതീഷാണ് അറസ്റ്റിലായത്. ഇടനിലക്കാരനായി പ്രവർത്തിച്ച കുന്നത്തുകാൽ പഞ്ചായത്തിലെ ഇടത് സ്ഥാനാർഥി ഷാജു പാലിയോടും സരിത നായരുമാണ് രണ്ടും മൂന്നും പ്രതികൾ. ഓലത്താന്നി, തിരുപുറം സ്വദേശികളില്‍ നിന്ന് കെ.ടി.ഡി.സി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയതായാണ് പരാതി. പരാതിക്കാരില്‍ നിന്ന് പണം കൈപ്പറ്റിയതായി രതീഷ് പൊലീസിനോട് സമ്മതിച്ചിരുന്നു.
തൊഴിൽതട്ടിപ്പ് കേസിൽ സരിത നായർക്കെതിരെ ഗുരുതര ആരോപണം ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലും രതീഷ് ഉന്നയിച്ചിരുന്നു. തൊഴിൽ തട്ടിപ്പിൽ സരിത മുഖ്യ കണ്ണിയാണ്. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയതും സരിതയാണ്. ഷൈജുവും സരിതയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഷൈജുവിനാണ് കൂടുതൽ പണം ലഭിച്ചത്. അത് സരിതക്ക് കൈമാറിയിട്ടുണ്ട്. പണം നൽകിയിട്ടും ജോലി ലഭിക്കാൻ വൈകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സരിതയാണ് വ്യാജ നിയമന ഉത്തരവുകൾ നൽകിയത്.
പലതരം സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഉദ്യോഗാർഥികളെ തടഞ്ഞു. എന്നാൽ, ജോലി അല്ലെങ്കിൽ പണം എന്ന നിലപാടിലേക്ക് ഉദ്യോഗാർഥികൾ സ്വീകരിച്ചതോടെയാണ് മൂന്നു ലക്ഷം രൂപയുടെ ചെക്ക് പരാതിക്കാരൻ അരുണിന് സരിത നൽകിയതെന്നും രതീഷ് പറയുന്നു. മൂന്നു ലക്ഷം നൽകുന്നതിന് സരിത നൽകിയ ചെക്കും ജാമ്യാപേക്ഷയോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു.
ബിവറേജസ് കോർപറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവുകൾ നൽകി എന്നാണ് സരിതക്കെതിരെ നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 11 ലക്ഷം തട്ടിയെന്ന ഓലത്താന്നി സ്വദേശി അരുണിന്‍റെ പരാതിയിൽ സരിത നായരെ രണ്ടാം പ്രതിയാക്കി നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം ഒപ്പിട്ട വ്യാജ നിയമന ഉത്തരവ് നൽകിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ നവംബറിൽ കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം തട്ടിയെടുത്തതായി പാലിയോട് സ്വദേശി നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കവെയാണ് അരുണിന്‍റെ പരാതി ലഭിച്ചത്. തമിഴ്നാട്ടിൽ താമസിക്കുന്ന സരിത എന്ന യുവതിയുടെ തിരുനെൽവേലിയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.
നെയ്യാറ്റിൻകരയില തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവുമായുള്ള സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. പരാതിക്കാരനായ അരുണുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. സി.പി.എമ്മിന് തന്നെ പേടിയാണെന്നും പിൻവാതിൽ നിയമനം പാർട്ടി ഫണ്ടിനാണെന്നും സരിത അവകാശവാദം ഉന്നയിക്കുന്നുണ്ട്. ആരോഗ്യകേരളം പദ്ധതിയില്‍ നാലുപേര്‍ക്ക് ജോലി നല്‍കി. പിന്‍വാതില്‍ നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ശബ്ദരേഖയിൽ സരിത പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.