തൊഴിലുറപ്പ് പദ്ധതി; തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് മൂന്നു മാസം
text_fieldsപറവൂർ: നഗരസഭയിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് മൂന്നുമാസം പിന്നിട്ടു. വേതനം മുടങ്ങിയതോടെ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായി.
കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ജോലി ചെയ്തതിന്റെ കൂലിയാണ് ഇനിയും ലഭിക്കാത്തത്. തൊഴിലുറപ്പ് പദ്ധതിയിൽ 194 തൊഴിലുറപ്പ് ജോലിക്കാരാണ് ജോലി ചെയ്തുവരുന്നത്.
വേതന വിഹിതം സർക്കാറിൽനിന്ന് ലഭിക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധിക്ക് കാരണം. ഈ ഇനത്തിൽ 35.36 ലക്ഷം രൂപ ലഭിക്കാനുണ്ട്. കൂടാതെ, പി.എം.എ.വൈ ഭവനനിർമാണ വേളയിൽ 90 ദിവസത്തെ കൂലി അപേക്ഷകന് ആനുകൂല്യമായി നൽകാനുണ്ട്. ഈ ഇനത്തിൽ 2018 മുതൽ വിവിധ ഗഡുക്കളായി 5.29 ലക്ഷം ഇനിയും വിഹിതം ലഭിക്കാത്തതിനാൽ നൽകാൻ കഴിഞ്ഞിട്ടില്ല. നഗരസഭ വിഹിതം രണ്ടുലക്ഷവും സംസ്ഥാന വിഹിതം 50,000 രൂപയും കേന്ദ്ര വിഹിതം 1,50,000 ലക്ഷവുമാണ്. കൂടാതെ, അധിക വിഹിതമായി കൂലി ഇനത്തിൽ 90 ദിവസം 331 രൂപ കണക്കാക്കിയാൽ 4,29,790 രൂപയും ഗുണഭോക്താവിന് നൽകണം. ഈ തുക വീട് നിർമാണത്തിന് അപേക്ഷ നൽകിയവർക്കും ഉൾപ്പെടെയാണ് നൽകാനുള്ളത്.
ക്ഷീര കർഷകർക്ക് പാൽ സൊസൈറ്റികളിൽ നൽകുന്ന അളവിന് ആനുപാതികമായി സബ്സിഡി പദ്ധതിയിൽ ഉൾപ്പെടുത്തി ആഗസ്റ്റ് മുതൽ നൽകേണ്ട ആനുകൂല്യമായ 9.80 ലക്ഷം ഉൾപ്പെടെ കുടിശ്ശികയാണ്.
മൂന്ന് ഇനങ്ങളിലായി 50.45 ലക്ഷം രൂപ സർക്കാറിൽനിന്ന് വിഹിതമായി ലഭിച്ചാലേ നഗരസഭക്ക് വേതനം ഉൾപ്പെടെ നൽകാൻ കഴിയൂ. നഗരസഭയിൽ അടിയന്തരമായി ലഭിക്കേണ്ട 50.45 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പുമന്ത്രിക്കും ധനമന്ത്രിക്കും ഉടൻ കത്ത് നൽകുമെന്നും നഗരസഭ ചെയർപേഴ്സൻ ബീനാ ശശിധരൻ പറഞ്ഞു.
നിലവിൽ തൊഴിലുറപ്പ് തൊഴിലാളിയുടെ പ്രതിദിന കൂലി 331 രൂപയാണ് നൽകി വരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.