തൊഴിലുറപ്പ് പദ്ധതി: പോത്തുകൽ പഞ്ചായത്തിൽ വൻ ക്രമക്കേട്
text_fieldsമലപ്പുറം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പോത്തുകൽ പഞ്ചായത്തിൽ നടത്തിയ കൃത്രിമം കൈയോടെ പിടിച്ച് തൊഴിലുറപ്പ് പദ്ധതി ജില്ല ഓംബുഡ്സ്മാൻ. കഴിഞ്ഞമാസം 13ന് പഞ്ചായത്തിലെ ഒന്നാംവാർഡിൽ നടത്തിയ പരിശോധനയിലാണ് മസ്റ്റർ റോളിൽ രേഖപ്പെടുത്തിയ തൊഴിലാളികളുടെ എണ്ണത്തിലും സൈറ്റിൽ ജോലിക്കെത്തിയവരുടെ എണ്ണത്തിലും വലിയ കുറവുള്ളതായി കണ്ടെത്തിയത്.
രേഖയിൽ 59 പേരായിരുന്നു ഒപ്പിട്ടിരുന്നത്. എന്നാൽ, തൊഴിലെടുക്കുന്നവരുടെ എണ്ണമെടുത്തപ്പോൾ 42 പേരെ ഉണ്ടായിരുന്നുള്ളൂ. 17 പേർ ജോലിക്കെത്താതെ തന്നെ ഒപ്പ് രേഖപ്പെടുത്തി കൂലി വാങ്ങിക്കുന്നതായാണ് കണ്ടെത്തിയത്. ഒന്നാംവാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന കാരാടൻ നീർത്തടത്തിലെ മൺവരമ്പ് നിർമാണപ്രവൃത്തിക്കിടെയാണ് ജില്ല ഓംബുഡ്സ്മാൻ സി. അബ്ദുൽ റഷീദ് പരിശോധന നടത്തിയത്.
17 പേരുടെ കുറവ് എന്താണെന്ന് ജോലിക്ക് നേതൃത്വം നൽകുന്ന ബിന്ദു എന്ന തൊഴിലാളിയോട് അന്വേഷിച്ചപ്പോൽ ഇത്രയും പേർ മസ്റ്റർ റോളിൽ ഒപ്പുവെച്ച് തൊഴിലെടുക്കാതെ തിരികെ പോയി എന്നായിരുന്നു മറുപടി. എട്ടാം തീയതി മുതൽ ഇങ്ങനെയാണ് ചെയ്യുന്നതെന്നും ഇവർ വെളിപ്പെടുത്തി. ക്രമക്കേട് കൈയോടെ പിടിച്ച ഓംബുഡ്സ്മാൻ പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടി.
കൂടുതൽ സൈറ്റിൽ പ്രവൃത്തി നടക്കുന്നതിനാലും ജോലിത്തിരക്കും കാരണം തൊഴിലുറപ്പ് പ്രവൃത്തി നടക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ സാധിച്ചില്ലെന്ന് സെക്രട്ടറി വിശദീകരിച്ചു. ഈ വാദം വിചിത്രമാണെന്ന് ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. നേരത്തേ മസ്റ്റർ റോളിൽ ഒപ്പിട്ട് മുങ്ങിയ 17 പേരും മുമ്പ് ആരംഭിച്ചതും പൂർത്തീകരിക്കാൻ കഴിയാത്തതുമായ മൂന്ന് കിണറുകളുടെ പ്രവൃത്തികൾക്കായി പോയതായിരുന്നുവെന്നും സെക്രട്ടറി ഓംബുഡ്സ്മാന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
മാത്രമല്ല മേറ്റ് (തൊഴിലാളികളുടെ ഗ്രൂപ് നേതാവ്), വാർഡ് അംഗം, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയർ എന്നിവരുടെ നിർദേശപ്രകാരമാണ് തൊഴിലാളികൾ മറ്റൊരിടത്തേക്ക് പോയതെന്നാണ് സെക്രട്ടറി വ്യക്തമാക്കിയത്. ക്രമക്കേടിൽ ഉൾപ്പെട്ടവർക്ക് വേതനം നൽകില്ലെന്ന് സെക്രട്ടറി ഒംബുഡ്സ്മാനെ അറിയിച്ചു. തുടർന്ന് ജൂലൈ ആറിന് ഗ്രാമപഞ്ചായത്തിൽ സിറ്റിങ് നടത്തിയ ഓംബുഡ്സ്മാൻ ഇതുമായി ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് സെക്രട്ടറി പി.കെ. രാജേന്ദ്രൻ, അസി. സെക്രട്ടറി എ. സഹറുദ്ദീൻ ഒന്നാം വാർഡ് അംഗം തങ്ക കൃഷ്ണൻ, തൊഴിലുറപ്പ് മേറ്റ് ബിന്ദു, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയർ കെ.എം. ഹസീബ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
പഞ്ചായത്ത് അംഗം, മേറ്റ്, തൊഴിലുറപ്പ് പദ്ധതി എൻജിനീയർ എന്നിവരുടെ അറിവോടെയാണ് ക്രമക്കേട് നടന്നിട്ടുള്ളത്. കാരാടൻ നീർത്തടത്തിലെ ഇരുൾകുന്ന് ഭാഗത്തെ പ്രവൃത്തി തുടങ്ങി 131 ദിവസത്തിനിടെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ ആരും വർക് സൈറ്റ് സന്ദർശിച്ചിട്ടില്ലെന്നും ഇതിനുപകരം ഫീൽഡ് സ്റ്റാഫ് അല്ലാത്തതും ചുമതല ഇല്ലാത്തതുമായ അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റൻറ് സൈറ്റ് ഡയറിയിൽ ഒപ്പിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഡയറിയിൽ രണ്ടുവരികൾ ഒഴിവാക്കി മൂന്നാമനായാണ് ഒപ്പ് വെച്ചിരിക്കുന്നത്. മുൻതീയതികളിൽ മറ്റാർക്കെങ്കിലും ഒപ്പുവെക്കാൻ പാകത്തിലാണ് ഇത് ചെയ്തിരിക്കുന്നതെന്നും ഓംബുഡ്സ്മാൻ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.