തൊഴിലുറപ്പ് പദ്ധതി വേതനം : വർധന നാമമാത്രം, കേരളത്തോട് അവഗണന
text_fieldsതിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2024-25 സാമ്പത്തിക വർഷത്തെ അവിദഗ്ധ തൊഴിലാളികളുടെ വേതനം കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചതിൽ കേരളത്തോട് സ്വീകരിച്ചത് കടുത്ത അവഗണന.
കേരളത്തിലെ വേതനം 333 രൂപയിൽ നിന്ന് 346 രൂപയായാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്. കർണാടകത്തിൽ 316 രൂപ ആയിരുന്നത് 349 രൂപയാക്കി. 33 രൂപയുടെ വർധന. തമിഴ്നാട്ടിൽ 25 രൂപ (8.5 ശതമാനം) വർധിപ്പിച്ചു. ഗോവയിൽ 34 രൂപയും (10.56 ശതമാനം) തെലങ്കാനയിലും ആന്ധ്രയിലും 28 രൂപയും (10.29 ശതമാനം) വർധിപ്പിച്ചപ്പോഴാണ് കേരളത്തിന് കേവലം 3.9 ശതമാനം മാത്രമായ 13 രൂപ വർധിപ്പിച്ചത്.
അസംഘടിത മേഖലയിൽ രാജ്യത്ത് ഏറ്റവും കൂടിയ കൂലി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അസംഘടിത തൊഴിലാളികൾക്ക് ലഭിക്കുന്ന മിനിമം വേതനത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ കൂലിയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഈ സാമ്പത്തിക വർഷം രാജ്യത്ത് ഒരു കുടുംബത്തിന് ലഭിച്ച ശരാശരി തൊഴിൽ ദിനങ്ങൾ 51.47 മാത്രമാണ്. സംസ്ഥാനത്ത് അത് 67.35 ആയിരുന്നു.
രാജ്യത്ത് വനിതകൾക്ക് 58.96 ശതമാനം തൊഴിൽ ദിനങ്ങൾ നൽകുമ്പോൾ സംസ്ഥാനം 89.27 ശതമാനമാണ് നൽകുന്നത്. ദേശീയ തലത്തിൽ തന്നെ ഇത്രയും മികച്ച നേട്ടങ്ങൾ കൈവരിച്ച കേരളത്തോടാണ് ഈ വിവേചനം. രാജ്യത്ത് ആദ്യമായി സമ്പൂർണ ആധാർ ലിങ്കിങ് പൂർത്തിയാക്കിയ സംസ്ഥാനം കേരളമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 9.65 കോടി തൊഴിൽ ദിനങ്ങൾ നേടിയ കേരളത്തിന് നടപ്പ് സാമ്പത്തിക വർഷം കേന്ദ്രം ആദ്യം അനുവദിച്ചത് വെറും ആറുകോടി തൊഴിൽ ദിനങ്ങൾ മാത്രമാണ്. ഒക്ടോബർ മാസത്തിൽത്തന്നെ സംസ്ഥാനം ആ ലക്ഷ്യം കൈവരിച്ചു. നിരന്തര സമ്മർദങ്ങളുടെ ഭാഗമായി തൊഴിൽ ദിനങ്ങളുടെ എണ്ണം എട്ട് കോടിയാക്കി. 2023 ഡിസംബറിൽ തന്നെ കേരളം ഈ ലക്ഷ്യവും കൈവരിച്ചു. തുടർന്നുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 9.5 കോടിയായും പിന്നീട് 10.5 കോടിയായും ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.