സ്പെഷൽ സ്കൂൾ ശാക്തീകരണം; പ്രത്യേക പാക്കേജ് വിപരീതഫലം ചെയ്യുന്നെന്ന് പരാതി
text_fieldsമുക്കം: സ്പെഷൽ സ്കൂളുകളെ ശാക്തീകരിക്കാൻ സർക്കാർ കൊണ്ടുവന്ന പ്രത്യേക പാക്കേജ് വിപരീതഫലം ഉണ്ടാക്കുന്നതായി പരാതി. പാക്കേജിലെ കർശന നിബന്ധനകളിൽ ഇളവ് നൽകിയില്ലങ്കിൽ പല സ്പെഷൽ സ്കൂളുകളും അടച്ചുപൂട്ടുകയും നൂറുകണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്യും. പാക്കേജ് നിർദേശിക്കുന്ന ട്രെയിനർമാരുടെ വിദ്യാഭ്യാസയോഗ്യതയും കുട്ടികളുടെ എണ്ണം സംബന്ധിച്ച നിബന്ധനയുമാണ് പരാതിക്ക് അടിസ്ഥാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കായുള്ള സവിശേഷ വിദ്യാലയങ്ങൾക്ക് 2008 മുതലാണ് സംസ്ഥാന ഖജനാവിൽനിന്ന് സഹായധനം അനുവദിച്ചു തുടങ്ങിയത്. 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ ഇത്തരം വിദ്യാലയങ്ങളെക്കുറിച്ച് പഠിക്കുന്നതിന് കമീഷനെ നിയമിക്കുകയും 168ഓളം നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഇവിടെ ജോലി ചെയ്യുന്നവരുടെ തുച്ഛ വേതനം, ഏകീകൃത സിലബസ് ഇല്ലാത്ത പഠനം, അനുവദിക്കുന്ന ധനസഹായം ഒന്നിനും തികയാത്ത സാഹചര്യം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ കമീഷൻ ചൂണ്ടിക്കാണിച്ചു. ഈ അവസ്ഥയിൽനിന്ന് മേഖലയെ സംരക്ഷിക്കാൻ ഇതര ഭിന്നശേഷി വിദ്യാലയങ്ങളെപ്പോലെ കമീഷന്റെ നിർദേശാനുസൃതം എയ്ഡഡ് പദവി നൽകാൻ പദ്ധതി കൊണ്ടുവരുകയും ചെയ്തു.
2016ലെ തെരഞ്ഞെടുപ്പിൽ, അധികാരത്തിൽ വന്നാൽ അർഹതയുള്ള സവിശേഷ വിദ്യാലയങ്ങൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് വിവിധ മുന്നണികൾ വാഗ്ദാനം മുന്നോട്ടുവെച്ചിരുന്നു. ഈ ആവശ്യവുമായി മാനേജ്മെന്റുകളും ജീവനക്കാരും രക്ഷിതാക്കളും പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ 2019ൽ സ്പെഷൽ സ്കൂളുകൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും 25 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതിനായി പ്രത്യേക നിബന്ധനകളും നിർദേശങ്ങളുമുണ്ടാക്കി. സ്പെഷൽ പാക്കേജ് ലഭിക്കണമെങ്കിൽ 18 വയസ്സിൽ താഴെ പ്രായമുള്ള 20 കുട്ടികളെങ്കിലും വേണമെന്നതാണ് പ്രധാന നിർദേശം. എന്നാൽ, പ്രത്യേക പരിഗണന അർഹിക്കുന്ന നൂറിൽപരം കുട്ടികളുള്ള സ്ഥാപനങ്ങളിൽപോലും 18 വയസ്സിന് താഴെയുള്ള 20 കുട്ടികൾ ഇല്ലാത്ത അവസ്ഥയാണ്. ട്രെയിനർമാരുടെ വിദ്യാഭ്യാസ യോഗ്യത ഉയർത്തിയ നിർദേശവും പ്രതിസന്ധിയായി. ഇതോടെ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവന്ന പല സ്ഥാപനങ്ങളും തുച്ഛ വേതനത്തിന് 30 വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന ജീവനക്കാരും പാക്കേജിന് പുറത്തായി. വർഷങ്ങളായി ജോലി ചെയ്തുവരുന്നവർക്ക് നിബന്ധനകളിൽ ഇളവ് നൽകണമെന്ന നിർദേശം അംഗീകരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ നാലുവർഷത്തിനിടെ അമ്പതിലേറെ സ്കൂളുകൾ അടച്ചുപൂട്ടി. നൂറുകണക്കിന് ജീവനക്കാരാണ് വഴിയാധാരമായത്.
റിഹാബിലിറ്റേഷൻ കൗൺസിലിന്റെ നിയമപ്രകാരം അനുവർത്തിക്കേണ്ട യോഗ്യതകൾ ബഡ്സ് സ്കൂളുകൾക്ക് ബാധകമാകുന്നില്ല എന്ന ഇരട്ടനീതി അംഗീകരിക്കാനാകില്ലെന്ന് സ്പെഷൽ സ്കൂൾ എംപ്ലോയീസ് യൂനിയൻ വ്യക്തമാക്കി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശ്വാസമായിരുന്ന സ്പെഷ്യൽ സ്കൂളുകൾ എങ്ങനെയും പൂട്ടിക്കാനുള്ള ഉദ്യോഗസ്ഥ മനോഭാവം മാറ്റണമെന്നും യൂനിയൻ നേതാക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.