‘എമ്പുരാൻ’ പ്രദർശനം തടയണമെന്ന ആവശ്യം ഹൈകോടതി തള്ളി
text_fieldsകൊച്ചി: ‘എമ്പുരാൻ’ സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈകോടതി തള്ളി. തിയേറ്ററുകളിൽ എത്തും മുമ്പ് സെൻസർബോർഡ് കണ്ട് അനുമതി നൽകിയ സിനിമയല്ലേ ഇതെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് ചോദിച്ചു. സെൻസർ ബോർഡ് അനുമതി നൽകിയ സിനിമയിൽ ഇടപെടുന്നതെങ്ങനെ. ചിത്രത്തിലെ പരാമർശങ്ങളുടെ പേരിൽ എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടാവുകയോ പൊലീസ് കേസെടുക്കുകയോ ചെയ്തിട്ടില്ല. ഹരജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നെന്ന് പറഞ്ഞ കോടതി, പബ്ലിസിറ്റിക്കാണോ ഇതെന്നും കുറ്റപ്പെടുത്തി. മതസൗഹാർദം തകർക്കുകയും കേന്ദ്ര സർക്കാറിനെയും അന്വേഷണ ഏജൻസികളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നതാണ് സിനിമ എന്നാരോപിച്ച് ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയംഗം വി.വി. വിജേഷാണ് ഹരജി നൽകിയത്. കേന്ദ്രസർക്കാറിനും സെൻസർ ബോർഡിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും.
സംസ്ഥാനത്ത് ഒരു അനിഷ്ടസംഭവവും ഉണ്ടായിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ, ഡി.ജി.പി തുടങ്ങിയവർക്കു പുറമേ കേന്ദ്രസർക്കാരും എതിർകക്ഷികളാണ്. ചിത്രം കലാപത്തിന് വഴിവെച്ചേക്കാമെന്നതടക്കം ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി, സെൻസർ ബോർഡ് ചെയർമാൻ, റീജനൽ ഓഫിസർ എന്നിവർക്ക് പരാതി അയച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ഹൈകോടതിയെ സമീപിച്ചതെന്ന് ഹരജിയിൽ പറയുന്നു. പൃഥ്വിരാജ് തന്റെ സിനിമകളിലൂടെ കേന്ദ്രസർക്കാറിനെ നിരന്തരം അപകീർത്തിപ്പെടുത്തുന്നു എന്നും നിർമാതാക്കൾ ഇ.ഡി അന്വേഷണം നേരിടുന്നവരാണെന്നും ഹരജിയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.