'ഒരു നാട് മുഴുവൻ കൂടെ നിന്നത് മോഹൻലാലിനെയോ തമ്പുരാൻ ടീമിനെയോ കണ്ടിട്ടല്ല, മോദിയുടെ അധികാരപ്രാപ്തിക്ക് പുറകിൽ ഗുജറാത്തിന്റെ തെരുവുകളിൽ അന്നൊഴുകിയ നിരപരാധികളുടെ ചുടുരക്തമാണ്'; രൂക്ഷ വിമർശനവുമായി വി.ടി ബൽറാം
text_fieldsകോഴിക്കോട്: എമ്പുരാൻ സിനിമ വിവാദങ്ങൾക്കിടെ ഖേദം പ്രകടിപ്പിച്ച നടൻ മോഹൻലാലിനെ പരിഹസിച്ചും സംഘ് പരിവാറിനെയും ബി.ജെ.പിയേയും രൂക്ഷമായി വിമർശിച്ചും കോൺഗ്രസ് നേതാവ് വി.ടി ബൽറാം. മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് ബൽറാമിന്റെ വിമർശനം.
ഒരു നാട് മുഴുവൻ കൂടെ നിന്ന് നോക്കിയതാണ്. അത് മോഹൻലാലിനെയോ തമ്പുരാൻ ടീമിലെ മറ്റാരെയെങ്കിലുമോ പ്രതീക്ഷിച്ചിട്ടല്ലെന്നും കേരളത്തിന്റെ രാഷ്ട്രീയമായ ബോധ്യങ്ങളുടെയും ആർജവത്തിന്റെയും ഭാഗമായിട്ടാണെന്നും അത് ഏതാണ്ട് അതേപടി നിലനിൽക്കുന്നുണ്ടെന്നതാണ് ആശ്വാസമെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിലെത്തി നിൽക്കുന്ന ബി.ജെ.പിയുടെ അധികാരപ്രാപ്തിക്ക് പുറകിലുള്ളത് ഗുജറാത്തിന്റെ തെരുവുകളിൽ അന്നൊഴുകിയ നിരപരാധികളുടെ ചുടുരക്തമാണ്.
ഗുജറാത്ത് കലാപം നടത്തിയത് സംഘ് പരിവാറാണെന്നും ഇന്ന് ഇന്ത്യ ഭരിക്കുന്നവരുടെ കൈകൾ രക്തപങ്കിലമാണെന്നും ബൽറാം വിമർശിച്ചു.
എമ്പുരാൻ സിനിമ കാരണം പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദമുണ്ടെന്നും വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്നും മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
സിനിമക്കെതിരെ സംഘപരിവാർ സംഘടനകളുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനമുണ്ടായ സാഹചര്യത്തിലാണ് മോഹൽ ലാലിന്റെ വിശദീകരണം. ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. തുടർന്ന് സിനിമയിൽ നിന്ന് വിവാദ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. അതിനിടെയാണ് പ്രതികരണവുമായി മോഹൻലാൽ രംഗത്തെത്തിയത്.
വി.ടി.ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കംപ്ലീറ്റ് ആക്ടർ ലഫ്റ്റനന്റ് കേണൽ പദ്മഭൂഷൺ ഭരത് മോഹൻലാലിന്റെ പോസ്റ്റ് ഷെയർ ചെയ്യുന്നു.
ഒരു നാട് മുഴുവൻ കൂടെ നിന്ന് നോക്കിയതാണ്. അത് മോഹൻലാലിനെയോ തമ്പുരാൻ ടീമിലെ മറ്റാരെയെങ്കിലുമോ പ്രതീക്ഷിച്ചിട്ടല്ല, കേരളത്തിന്റെ രാഷ്ട്രീയമായ ബോധ്യങ്ങളുടെയും ആർജ്ജവത്തിന്റെയും ഭാഗമായിട്ടാണ്. അത് ഏതാണ്ട് അതേപടി നിലനിൽക്കുന്നുണ്ടെന്നതാണ് ആശ്വാസം.
അതുകൊണ്ട് തന്നെ ഒരു വസ്തുത സംശയലേശമന്യേ ആവർത്തിക്കട്ടെ, 2002ലെ ഗുജറാത്ത് കലാപം നടത്തിയത് സംഘ് പരിവാറാണ്. നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിലെത്തി നിൽക്കുന്ന ബിജെപിയുടെ അധികാരപ്രാപ്തിക്ക് പുറകിലുള്ളത് ഗുജറാത്തിന്റെ തെരുവുകളിൽ അന്നൊഴുകിയ നിരപരാധികളുടെ ചുടുരക്തമാണ്. ഇന്ന് ഇന്ത്യ ഭരിക്കുന്നവരുടെ കൈകൾ രക്തപങ്കിലമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.