'മുസ്ലിം ലീഗ് ആരാണെന്ന് ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തിയിട്ടുണ്ട്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.എം.എ സലാം
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. 'മുസ്ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി. ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ് നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്ലിംലീഗ്' -പി.എം.എ സലാം പറഞ്ഞു.
'ചിലത് ഓര്ത്തെടുക്കുന്നത് നല്ലതാണ്. വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്. ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണ്' -പി.എം.എ സലാം കൂട്ടിച്ചേർത്തു.
'വഖഫ് ബോർഡ് നിയമനം മതസംഘടനകളുമായി ചർച്ച ചെയ്തിട്ടുണ്ട്. അവർക്ക് കാര്യം ബോധ്യമായിട്ടുണ്ട്. മുസ്ലിം ലീഗിന് മാത്രം ബോധ്യമില്ലപോലും. നിങ്ങളുടെ ബോധ്യം ആരു പരിഗണിക്കുന്നു. ലീഗിന് എന്താണോ ചെയ്യാനുള്ളത് അത് ചെയ്യൂ. ഞങ്ങൾക്ക് അതൊരു പ്രശ്നമല്ല' എന്നാണ് പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞത്.
സി.പി.എം കണ്ണൂർ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോ എന്ന് ആദ്യം തീരുമാനിക്കണം. വഖഫ് ബിൽ നിയമസഭയിൽ വന്നപ്പോൾ, ഇപ്പോൾ അവിടെ ജോലിയെടുക്കുന്നവർക്ക് സംരക്ഷണം നൽകണമെന്നാണ് ലീഗ് എം.എൽ.എമാർ പറഞ്ഞത്. ആ പറഞ്ഞതിെൻറ അർഥം പി.എസ്.സി നിയമനം ആകാമെന്നതാണല്ലോ.
ഇപ്പോൾ അത് വികാരപരമായ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരുകയാണ്. പി.എസ്.സി നിയമനം വഖഫ് ബോർഡാണ് തീരുമാനിച്ചത്. അത് അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. മുസ്ലിംകളുടെ ശാക്തീകരണം പരിശോധിച്ചാൽ മുസ്ലിംകൾ എവിടെയാണ് എന്നുനോക്കണം. ലീഗ് മുസ്ലിംകളുടെ അട്ടിപ്പേറ് അവകാശം പേറി നടക്കേണ്ട. ഞങ്ങളുടെ കൂടെയും മുസ്ലിംകളുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.