ഇ.എൻ. സുരേഷ് ബാബു സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി
text_fieldsപാലക്കാട്: സംസ്ഥാന നേതൃത്വത്തിന്‍റെ ശക്തമായ ഇടപെടലിനെത്തുടർന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരം ഒഴിവായി. സമവായ ചർച്ചയിലുണ്ടായ ധാരണപ്രകാരം ജില്ല സെക്രട്ടറിയായി ഇ.എൻ. സുരേഷ് ബാബുവിനെ (51) തെരഞ്ഞെടുത്തു. നിലവിൽ ജില്ല സെക്രട്ടേറിയറ്റ് അംഗമായ സുരേഷ് ബാബു ആദ്യമായാണ് സെക്രട്ടറിയാകുന്നത്. 44 അംഗ ജില്ല കമ്മിറ്റിയെയും 11 അംഗ ജില്ല സെക്രട്ടേറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു.
അംഗങ്ങളുടെ എണ്ണം 41ൽ നിന്ന് 44 ആക്കി ഉയർത്തിയ ജില്ല കമ്മിറ്റിയിൽ നിന്ന് 11 പേരെ ഒഴിവാക്കി. 14 പേർ പുതുമുഖങ്ങളും നാല് വനിതകളുമാണ്. സെക്രട്ടേറിയറ്റിൽ നിന്ന് രണ്ടുപേരെ ഒഴിവാക്കി. നാലുപേരെ പുതുതായി ഉൾപ്പെടുത്തി. ഇ.എൻ. സുരേഷ് ബാബു, സി.കെ. രാജേന്ദ്രൻ, പി. മമ്മിക്കുട്ടി, പി.കെ. ശശി, വി.കെ. ചന്ദ്രൻ, എസ്. അജയകുമാർ, വി. ചെന്താമരാക്ഷൻ, എ. പ്രഭാകരൻ, ടി.എം. ശശി, കെ.എസ്. സലീഖ, എൻ. ഉണ്ണികൃഷ്ണൻ എന്നിവരാണ് പുതിയ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ.
ചിറ്റൂർ പെരുമാട്ടി കോരിയാർചള്ള ഇടയൻകൊളമ്പ് സ്വദേശിയായ ഇ.എൻ. സുരേഷ്ബാബു, വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. എസ്.എഫ്.ഐ ചിറ്റൂർ ഏരിയ പ്രസിഡന്‍റ്, ഡിവൈ.എഫ്.ഐ ചിറ്റൂർ ബ്ലോക്ക് സെക്രട്ടറി, സി.പി.എം പെരുമാട്ടി ലോക്കൽ സെക്രട്ടറി, ചിറ്റൂർ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം,
നിലവിൽ സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം, മലബാർ സിമന്റ്സ് ഡയറക്ടർ, ചിറ്റൂർ താലൂക്ക് ടൂറിസം കോ ഓപറേറ്റിവ് സൊസൈറ്റി ആൻഡ് റിസർച് സെന്‍റർ പ്രസിഡന്‍റ് എന്നീ ചുമതലകൾ വഹിക്കുന്നു. നിയമബിരുദധാരിയായ സുരേഷ്ബാബു, വ്യവസായ വകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് സി.പി.എമ്മിൽ മുഴുവൻ സമയ പ്രവർത്തകനായത്. ഭാര്യ: ശ്രീലേഖ. മക്കൾ: മാധവി, ആദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.