കോടതിയിലും ഏറ്റുമുട്ടൽ; സർക്കാറിനുവേണ്ടി എ.ജി, ഗവർണർക്ക് സ്വന്തം അഭിഭാഷകൻ
text_fieldsതിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനക്കേസിൽ സർക്കാറും ഗവർണറും കോടതിയിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങാൻ സാധ്യത. ചാന്‍സലറായ ഗവര്‍ണര്‍ക്കായി അഡ്വക്കറ്റ് ജനറല്‍ (എ.ജി) കെ. ഗോപാലകൃഷ്ണ കുറുപ്പ് ഹൈകോടതിയിൽ ഹാജരാകില്ല, പകരം സർക്കാറിന് വേണ്ടിയാകും അദ്ദേഹം ഹാജരാകുക.
ഗവര്‍ണര്‍ സ്വന്തം നിലക്ക് അഭിഭാഷകനെ െവച്ചായിരിക്കും കേസ് നടത്തുക. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്തില്ലാത്ത ഗവർണർ മടങ്ങിയെത്തിയ ശേഷമാകും അഭിഭാഷകെൻറ കാര്യത്തിൽ തീരുമാനമെടുക്കുക. ഗവര്‍ണര്‍ സ്വന്തം നിലക്ക് നിയമോപദേശം തേടുന്നതും അഭിഭാഷകനെ നിയോഗിക്കുന്നതും തെറ്റല്ല. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
കേസിൽ ഒന്നാം എതിർകക്ഷി ചാൻസലറും രണ്ടാം കക്ഷി സർക്കാറുമാണ്. ഗവര്‍ണര്‍ക്കുവേണ്ടി ഹാജരാകാന്‍ എ.ജിയോട് രാജ്ഭവന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാറിനുവേണ്ടി എ.ജിയും ഗവര്‍ണര്‍ക്കായി മറ്റൊരു അഭിഭാഷകനുമെത്തുന്നതോടെ വി.സി നിയമന പ്രശ്നം കോടതിയില്‍ കൂടുതല്‍ ചൂടുപിടിക്കുമെന്ന് ഉറപ്പ്. ഗവർണർ പരസ്യപ്രസ്താവന നിർത്തിയെങ്കിലും അദ്ദേഹത്തിെൻറ അഭിഭാഷകൻ ആക്ഷേപങ്ങൾ ഉന്നയിക്കാനുള്ള സാധ്യത തള്ളാനാകില്ല.
നിയമോപദേശം നല്‍കുകയും സര്‍ക്കാറിനുവേണ്ടി ഹാജരാകുകയും ചെയ്യുന്ന എ.ജി ഗവര്‍ണര്‍ക്ക് വേണ്ടിയും ഹാജരാകുന്നതിലെ വൈരുധ്യം കണക്കിലെടുത്താണ് എ.ജി ഒഴിഞ്ഞത്. എ.ജിയുടെ നിയമോപദേശം നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍ വി.സിയുടെ പുനര്‍ നിയമനത്തില്‍ തെറ്റില്ലെന്ന നിയമോപദേശമാണ് എ.ജി സര്‍ക്കാറിന് നല്‍കിയത്. ആ വിവരം കൂടി ഉള്‍പ്പെടുത്തിയാണ് പ്രോ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
കണ്ണൂര്‍ വി.സിയുടെ പുനര്‍ നിയമനം ചട്ടവിരുദ്ധമാണെന്നും അദ്ദേഹത്തിന് തുടരാന്‍ അര്‍ഹതയില്ലെന്നും കാട്ടി സെനറ്റംഗം ഡോ. പ്രേമചന്ദ്രന് കീഴോത്തും അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസുമാണ് ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഹരജി ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളി.
വി.സി നിയമനത്തില്‍ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നതിന് മുമ്പായിരുന്നു ഹൈകോടതിയില്‍ കേസെത്തിയത്. വീണ്ടും ഹരജി കോടതിയിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.