ആറളം ഫാമിൽ 100ലധികം കൈയേറ്റമെന്ന് പട്ടികവർഗ വകുപ്പ്
text_fieldsകോഴിക്കോട്: ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം ഫാമിൽ നൂറിലധികം കൈയേറ്റമെന്ന് പട്ടികവർഗവകുപ്പ്. കാസർകോട്, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവർ പോലും താമസക്കാരായി ആറളം ഫാമിൽ കുടിയേറിയിട്ടുണ്ടെന്നാണ് ആദിവാസികൾ പറയുന്നത്. നിലവിൽ കൈവശരേഖയുള്ള ഭൂരിഭാഗം പണിയ കുടുംബങ്ങളുടെ ഭൂമിയാണ് അനധികൃതമായി കൈയേറിയിട്ടുള്ളത്.
ഒന്നും രണ്ടും ഘട്ടങ്ങളിലായി ഭൂവിതരണം നടന്നപ്പോൾ കൈവശരേഖ ലഭിച്ചവരിലേറെയും സാമൂഹ്യമായി ഏറെ പിന്നോക്കം നിൽക്കുന്ന പണിയ വിഭാഗങ്ങളായിരുന്നു. ആദ്യകാലത്ത് ഭവന നിർമാണ ചുമതല നിർമിതി കേന്ദ്രത്തെയാണ് ഏല്പിച്ചത്. അവരാകട്ടെ വാസയോഗ്യമല്ലാത്ത വീടുകളാണ് നിർമിച്ചു നൽകിയത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തതിലും ആന ശല്യത്തിന്റെ പേരിലും പണിയ കുടുംബങ്ങൾ ഭൂമിയും വീടും ഉപേക്ഷിച്ച് പഴയ വാസസ്ഥലങ്ങളിലേക്ക് തിരിച്ച് പോയിരുന്നു.
ഈ കുടുംബങ്ങളെ തിരിച്ച് കൊണ്ടുവരുന്നതിന് പകരം അവർ നേരത്തെ താമസിച്ച് വന്നിരുന്ന കോളനികളിൽ തദ്ദേശ സ്ഥാപനങ്ങൾ വീട് നിർമിച്ച് നൽകി. കശുവണ്ടി സീസണിൽ ആദ്യ കാലത്ത് ഇവർ വിളവെടുപ്പിന് ചെല്ലാറുണ്ടായിരുന്നു. ആദിവാസി ക്ഷേമ സമിതിയുടെ പേരിൽ ഇവരുടെ പ്ലോട്ടുകൾ കൈയേറിയെന്നാണ് ആക്ഷേപം. ആദിവാസികൾ അല്ലാത്ത പുറത്തു നിന്നുള്ളവർ കയറി കശുവണ്ടി ശേഖരിക്കാൻ തുടങ്ങിയതോടു കൂടി പണിയവിഭാഗത്തിലുള്ളവരെ ഭപ്പെടുത്തി പുനരധിവാസ ഭൂമിയിൽനിന്ന് അകറ്റി.
അതേസമയം പുനരധിവാസ മേഖലയിൽ കൈവശരേഖ അനുവദിച്ചിട്ടും ഇവിടെ താമസിക്കാത്തവരുടെ പട്ടിക ഐ.ടി.ഡി.പി ഓഫിസർ തയാറാക്കി. അങ്ങനെയുള്ള 262 പേരുടെ കൈവശരേഖ റദ്ദ്ചെയ്യുന്നതിന് ഐ.ടി.ഡി.പി ഓഫിസർ കണ്ണൂർ കലക്ടർക്ക് ശിപാർശ നൽകി.
എന്നാൽ, ഭരണ കക്ഷിയുടെ സമ്മർദങ്ങൾക്ക് വഴങ്ങി താമസമില്ലെന്ന കാരണം പറഞ്ഞ് പണിയരുടെ പട്ടയം റദ്ദ് ചെയത് നിയമ വിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാരെ കൈവശരേഖ നൽകി സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കമാണ് ഇപ്പോൾ പട്ടികവർഗ വകുപ്പ് നടത്തുന്നതെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്‍റ് ശ്രീരാമൻ കൊയ്യോൻ 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞു.
സി.പി.എം-സി.പി.ഐ പാർട്ടികളുടെ ഒത്താശയോടെ കൈയേറ്റം നടന്നതിനാൽ ആദിവാസി പുരധിവാസ മിഷനോ പട്ടികവർഗ വകുപ്പോ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നില്ലെന്നാണ് ആരോപണം. അതേസമയം, നൂറിലധികം കൈയേറ്റം നടന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും അന്വേഷണം നടക്കുകയാണെന്നും കണ്ണൂർ ഐ.ടി.ഡി.പി ഓഫിസർ 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.